Quantcast

'അധികാരത്തിൽ വന്നാൽ കമിതാക്കള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം'; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി തമിഴ്നാട് മുന്‍ മന്ത്രി

മെയ് 5 ന് മുഖ്യമന്ത്രിയായി എടപ്പാടി കെ.പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്യുമെന്നും ബാലാജി പറഞ്ഞു

MediaOne Logo
അധികാരത്തിൽ വന്നാൽ കമിതാക്കള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി തമിഴ്നാട് മുന്‍ മന്ത്രി
X

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ അധികാരത്തിൽ വന്നാൽ കമിതാക്കള്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യമായി യാത്ര ചെയ്യാൻ തമിഴ്‌നാട് മുൻ മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി.ശിവകാശിയിലെ പാവടി തോപ്പിൽ എഐഎഡിഎംകെ വനിതാ വിഭാഗം സംഘടിപ്പിച്ച എംജിആർ ജന്മവാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐഎഡിഎംകെ ഡിഎംകെയെ പരാജയപ്പെടുത്തി സർക്കാർ രൂപീകരിക്കുമെന്നും എടപ്പാടി കെ പളനിസ്വാമി മെയ് 5 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ബാലാജി പറഞ്ഞു.ഡിഎംകെ സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

സ്ത്രീകള്‍ക്ക് മാത്രമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി കുടുംബങ്ങളെ ഭിന്നിപ്പിച്ചെന്നും, ഭാര്യാഭർത്താക്കന്മാർക്ക് വെവ്വേറെ ബസുകളിൽ യാത്ര ചെയ്യാൻ നിർബന്ധിതരാകുമെന്നും ബാലാജി ആരോപിച്ചു. സ്ത്രീകള്‍ ഒരു ബസിലും പുരുഷന്മാര്‍ മറ്റൊരു ബസില്‍ പണം കൊടുത്തും യാത്ര ചെയ്യേണ്ട അവസ്ഥയിലാണിപ്പോള്‍. എഐഎഡിഎംകെ ഭരണകാലത്ത് ഭാര്യാഭർത്താക്കന്മാർക്ക് ഒരേ ബസിൽ ഒരുമിച്ച് യാത്ര ചെയ്യാം. യുവാക്കൾക്ക് അവരുടെ കാമുകിമാരോടൊപ്പം സൗജന്യമായി യാത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.ഡിഎംകെ സർക്കാരിന്റെ കീഴിൽ കഴിഞ്ഞ 60 മാസമായി സ്ത്രീകളുടെ പ്രതിമാസ പെന്‍ഷന്‍ തുക ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 210 നിയമസഭാ സീറ്റുകൾ നേടും. 23-ന് പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ ചെന്നൈയിൽ എഐഎഡിഎംകെയുടെയും ബിജെപിയുടെയും നേതാക്കൾ ഒരേ വേദി പങ്കിടുമെന്നും രാജേന്ദ്ര ബാലാജി പറഞ്ഞു.

എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര നൽകുമെന്നത്. പുരുഷന്മാർക്ക് സ്ത്രീകളെപ്പോലെ സിറ്റി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ അനുവാദമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ട്.

TAGS :

Next Story