Quantcast

'പേര് ഡോഗ് ബാബു, അച്ഛന്റെ പേര് കുട്ടബാബു'; വിവാദമായി നായയുടെ പേരിലുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്

നായയുടെ പേരും മേല്‍വിലാസവും ചിത്രവും അടങ്ങിയ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിവാദമായത്

MediaOne Logo

Web Desk

  • Updated:

    2025-07-28 05:30:55.0

Published:

28 July 2025 10:53 AM IST

പേര് ഡോഗ് ബാബു, അച്ഛന്റെ പേര് കുട്ടബാബു; വിവാദമായി നായയുടെ പേരിലുള്ള റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്
X

ബിഹാര്‍: ബിഹാറില്‍ നായയുടെ പേരില്‍ വ്യാജ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്. പറ്റ്‌നയോട് ചേര്‍ന്നുള്ള മസൗരി സോണ്‍ ഓഫീസിലെ ആര്‍ടിപിഎസ് കൗണ്ടറില്‍ നിന്നാണ് വിചിത്രമായ കേസ് പുറത്തറിഞ്ഞത്. നായയുടെ പേരും മേല്‍വിലാസവും ചിത്രവും അടങ്ങിയ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.

സര്‍ട്ടിഫിക്കറ്റിലെ ഡിജിറ്റല്‍ ഒപ്പ് റവന്യൂ ഓഫീസര്‍ മുരാരി ചൗഹാന്റേതായിരുന്നു. BRCCO 2025 എന്ന സര്‍ട്ടിഫിക്കറ്റ് നമ്പറില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര് ഡോഗ് ബാബു എന്നാണ്. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് കുട്ട ബാബു എന്നും അമ്മയുടെ പേരിന്റെ ഭാഗത്ത് കുട്ടിയ ദേവി എന്നുമാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്.

കൗലിചക് വാര്‍ഡ് 15, മസൗരി എന്ന വിലാസവുമാണ് നല്‍കിയിരിക്കുന്നത്. വ്യാജവും ഏറെ ചിരിപ്പിക്കുന്നതുമായ ഈ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഭരണ വകുപ്പിന്റെ ഗുരുതര വീഴ്ചയില്‍ വിമര്‍ശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ ആര്‍ടിപിഎസ് പോര്‍ട്ടലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നീക്കം ചെയ്തു. ഇതോടൊപ്പം റവന്യൂ ഓഫീസറുടെ ഡിജിറ്റല്‍ ഒപ്പും നീക്കം ചെയ്തു.

എന്നാല്‍ നായയുടെ പേരിലുള്ള റദ്ധാക്കിയ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇപ്പോഴും സെര്‍വറിലുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവം വളരെ ഗൗരവമേറിയതാണെന്ന് പാറ്റ്‌ന ജില്ലാ മജിസ്‌ട്രേറ്റ് ഡോ.ത്യാഗരാജന്‍ എസ്എം പറഞ്ഞു. ഭാവിയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരം വീഴ്ച സംഭവിക്കാതിരിക്കാന്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കും. വിഷയം വലിയ രാഷ്ട്രീയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്.

കോണ്‍ഗ്രസ് നേതാവും പൂര്‍ണിയയില്‍ നിന്നുള്ള സ്വതന്ത്ര എംപിയുമായ പപ്പു യാദവ് വിഷയത്തെ ശക്തമായി വിമര്‍ശിച്ചു. 'മനുഷ്യന് ഒരു രേഖയും നല്‍കുന്നില്ല, നായക്ക് വരെ താമസ സര്‍ട്ടിഫിക്കറ്റ്. ഇതാണ് മഹത്തായ ഇന്ത്യ. ചീഫ് ഇലക്ഷന്‍ കമ്മീഷ്ണറേ... നിങ്ങള്‍ കഞ്ചാവ് വലിച്ചിട്ടാണോ ഉറങ്ങുന്നത്. ആധാറല്ല, താമസസര്‍ട്ടിഫിക്കറ്റാണ് നായയുടെ പേരിലുള്ളത്. ഇനി നായക്ക് വോട്ടവകാശം ലഭിക്കുമോ,' എക്‌സിലൂടെ അദ്ദേഹം ചോദിച്ചു.

ബിഹാറിലെ പ്രേത്യേക വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് വോട്ടര്‍മാരെ തിരിച്ചറിയാന്‍ ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവക്ക് പകരം സാധുതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നാണ് റസിഡന്‍സ് സെര്‍ട്ടിഫിക്കറ്റ്. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചും നിരവധി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി. അതിനാല്‍ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം പ്രഖ്യാപിച്ചു.

TAGS :

Next Story