'അച്ഛൻ - മനുഷ്യരൂപത്തിലുള്ള വിപ്ലവം!' പിതൃദിനത്തിൽ സഞ്ജീവ് ഭട്ടിന്റെ മക്കൾ
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് തെളിവ് നൽകിയതോടെയാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തിനെതിരെയുള്ള കേസുകൾ സജീവമാക്കിയത്

ഗുജറാത്ത്: പിതൃദിനത്തിൽ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ മക്കളായ ആകാശിയും ശാന്തനു ഭട്ടും തങ്ങളുടെ പിതാവിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. ജീവിതത്തിൽ വഴികാട്ടുന്ന ഒരാളാണ് അച്ഛൻ എന്ന് പറയാറുണ്ട്. എന്നാൽ തീയിലൂടെ പതറാതെ എങ്ങനെ നടക്കണമെന്ന് പഠിപ്പിച്ചു തന്ന ആളാണ് ഞങ്ങളുടെ അച്ഛൻ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഞങ്ങളുടെ അച്ഛൻ സഞ്ജീവ് ഭട്ട് ഞങ്ങളെ വളർത്തുകയല്ല മറിച്ച് സത്യത്തെയും മനസ്സാക്ഷിയെയും സത്യസന്ധതയെയും ഞങ്ങളിൽ വളർത്തുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
ഒരു ഉത്തമ മകൻ, വിശ്വസ്ത സുഹൃത്ത്, അർപ്പണബോധമുള്ള ഭർത്താവ്, മാതൃകാപരമായ പൊലീസ് ഉദ്യോഗസ്ഥൻ, ഏറ്റവും പ്രധാനമായി ഒരു അസാധാരണ പിതാവ് എന്നീ നിലകളിൽ സഞ്ജീവ് ഭട്ടിന്റെ ബഹുമുഖ വേഷങ്ങളെ കുറിച്ച് പോസ്റ്റിൽ പറയുന്നു. സന്തോഷത്തിലും ദുഃഖത്തിലും വെല്ലുവിളികളിലും നയിക്കുകയും പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥിരം സാന്നിധ്യമായാണ് സഞ്ജീവ് ഭട്ടിനെ മക്കൾ വിശേഷിപ്പിക്കുന്നത്. പിതാവിന്റെ മോചനത്തിനും നീതിക്കും വേണ്ടി പോരാടുന്ന മക്കളുടെ ധീരത കൂടെ പോസ്റ്റിൽ പ്രതിഫലിക്കുന്നു.
1988 ബാച്ചിലെ ഗുജറാത്ത് കേഡർ ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ട് 1990-ലെ ഒരു കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് നിലവിൽ രാജ്കോട്ട് സെൻട്രൽ ജയിലിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ മക്കൾ ഈ പോസ്റ്റിലൂടെ അവരുടെ പിതാവിന്റെ നീതിക്കായുള്ള പോരാട്ടത്തിനും ധൈര്യത്തിനും അഭിമാനം പ്രകടിപ്പിക്കുന്നു. 'അച്ഛൻ ഞങ്ങളെ ശക്തരാക്കി, ഒരിക്കലും കീഴടങ്ങാതിരിക്കാൻ പഠിപ്പിച്ചു.' എന്ന് അവർ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് തെളിവ് നൽകിയതോടെയാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തിനെതിരെയുള്ള കേസുകൾ സജീവമാക്കിയത്. കസ്റ്റഡി മരണകേസ് ഉൾപ്പടെ നിരവധി കേസുകളിൽ അദ്ദേഹത്തെ പ്രതിചേർത്ത് ജയിലിലിടുകയായിരുന്നു.
Adjust Story Font
16

