Quantcast

കുട്ടികൾക്ക് നേരെ കുരച്ചുചാടി, നിരന്തരം പിന്നാലെ കൂടി; അയല്‍വാസിയുടെ വളര്‍ത്തുനായയെ തല്ലിച്ചതച്ച് പിതാവ്

വളര്‍ത്തുമൃഗത്തെ ക്രൂരമായി ഉപദ്രവിച്ചെന്ന അയല്‍വാസിയുടെ പരാതിയില്‍ ഗാന്ധിനഗർ യൂണിവേഴ്സിറ്റി പൊലീസ് കേസെടുത്തു

MediaOne Logo

Web Desk

  • Published:

    25 April 2026 10:17 PM IST

കുട്ടികൾക്ക് നേരെ കുരച്ചുചാടി, നിരന്തരം പിന്നാലെ കൂടി; അയല്‍വാസിയുടെ വളര്‍ത്തുനായയെ തല്ലിച്ചതച്ച് പിതാവ്
X

ഗാന്ധിനഗര്‍: മകള്‍ക്ക് നേരെ കുരച്ചുചാടിയതിന് അയല്‍വാസിയുടെ വളര്‍ത്തുനായയെ തല്ലിച്ചതച്ച് പ്രതികാരവുമായി പിതാവ്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. പിന്നാലെ, വളര്‍ത്തുമൃഗത്തെ ക്രൂരമായി ഉപദ്രവിച്ചെന്ന അയല്‍വാസിയുടെ പരാതിയില്‍ യൂണിവേഴ്സിറ്റി പൊലീസ് കേസെടുത്തു.

ഗാന്ധിനഗര്‍ സ്വദേശികളായ മഹേന്ദ്ര സിങ് ജഡേജയ്ക്കും അഭിരാജ് സിങ്ങിനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വീട്ടിനുള്ളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്ന വളര്‍ത്തുനായയെ മരക്കഷ്ണങ്ങളും വടിയും ഉപയോഗിച്ച് ഇരുവരും ക്രൂരമായി തല്ലിച്ചതക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മര്‍ദനമേറ്റ് നായ ദയനീയമായി കരയുകയായിരുന്നെന്നും ഇത് കേട്ടിട്ടും ഇരുവരും മതിയാക്കാന്‍ കൂട്ടാക്കിയില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വളര്‍ത്തുനായ വീട്ടിന് പുറത്തേക്കിറങ്ങുമ്പോള്‍ സമീപപ്രദേശങ്ങളിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭീഷണിയാകുന്നുണ്ടെന്ന് ഇരുവരും നേരത്തെയും പരാതിപ്പെട്ടിരുന്നു. എന്നാല്‍, ഇത് മുഖവിലക്കെടുക്കാതെ വീട്ടുടമ വീണ്ടും നായയെ പുറത്തുവിടുന്നത് തുടര്‍ന്നതിനാലാണ് മഹേന്ദ്ര സിങ്ങും അഭിരാജ് സിങ്ങും ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയത്. പ്രദേശത്തെ കുട്ടികൾക്ക് നേരെ നായ കുരച്ചുചാടിയെന്ന് നാട്ടുകാരിൽ ചിലരും പരാതിയുമായി രംഗത്തെത്തിയിരുന്നു.

നായയുടെ ഉടമ യൂണിവേഴ്‌സിറ്റി സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story