താനെയിൽ ഹോളി ആഘോഷത്തിന് ശേഷം നദിയിലിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു
15ഉം 16ഉം വയസ് പ്രായമായ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്.

താനെ: മഹാരാഷ്ട്രയിൽ ഹോളി ആഘോഷത്തിനു ശേഷം നദിയിലിറങ്ങിയ നാല് പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. താനെയിലെ ബദൽപൂർ പ്രദേശത്ത് ഉൽഹാസ് നദിയിലാണ് കുട്ടികൾ മുങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
ചംടോളിയിലെ പൊഡ്ഡാർ ഗ്രൂഹ് കോംപ്ലക്സ് നിവാസികളായ 15ഉം 16ഉം വയസ് പ്രായമായ വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. ആര്യൻ മേദർ (15), ഓം സിങ് തോമർ (15), സിദ്ധാർഥ് സിങ് (16), ആര്യൻ സിങ് (16) എന്നിവരാണ് മരിച്ചത്.
ഇവരുടെ മൃതദേഹം നദിയിൽ നിന്ന് കണ്ടെടുക്കുകയും പോസ്റ്റ്മോർട്ടത്തിനായി ബദൽപൂർ റൂറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയതായിരുന്നു കുട്ടികൾ. ഈ സമയം ജലനിരപ്പ് പെട്ടെന്ന് ഉയരുകയും നാലു പേരും ഒഴുക്കിൽപ്പെടുകയുമായിരുന്നു.
നാട്ടുകാരും രക്ഷാപ്രവർത്തകരും ഉടൻ സ്ഥലത്തെത്തിയെങ്കിലും ശക്തമായ ഒഴുക്ക് മൂലം രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഉത്സവ സമയങ്ങളിൽ നദികൾക്കും ജലാശയങ്ങൾക്കും സമീപം ആളുകൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.
Adjust Story Font
16