നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനും സോണിയക്കുമെതിരെ പുതിയ എഫ്ഐആര്‍, ഗൂഢാലോചന കുറ്റം ചുമത്തി
വ്യക്തിപരമായ നേട്ടങ്ങൾക്കായി പാർട്ടിയുടെ ഉന്നത നേതൃത്വം രാഷ്ട്രീയ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഇഡിയുടെ പ്രധാന ആരോപണം

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തെ വീണ്ടും കുരുക്കിലാക്കി പുതിയ എഫ്ഐആര്‍. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പുതിയ കേസ്.
വ്യക്തിപരമായ നേട്ടങ്ങൾക്കായി പാർട്ടിയുടെ ഉന്നത നേതൃത്വം രാഷ്ട്രീയ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. ഒക്ടോബർ 3നാണ് ഇഡി ഉദ്യോഗസ്ഥൻ ശിവ് കുമാർ ഗുപ്ത രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ സോണിയ, രാഹുൽ , സുമൻ ദുബെ, സാം പിട്രോഡ, യംഗ് ഇന്ത്യൻ, ഡോട്ടെക്സ് മെർച്ചൻഡൈസ് പ്രൈവറ്റ് ലിമിറ്റഡ്, സുനിൽ ഭണ്ഡാരി, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, അജ്ഞാതർ എന്നിവർക്കെതിരെ കേസെടുത്തത്.
ഗാന്ധി കുടുംബത്തിനെതിരായ പുതിയ എഫ്ഐആര്‍ വഞ്ചനാപരമാണെന്ന് കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‍വി ചൂണ്ടിക്കാട്ടി.പുതിയ എഫ്‌ഐആർ ഫയൽ ചെയ്യുന്നതിലൂടെ, മുമ്പ് നിലവിലില്ലാത്തതും കോടതികളിൽ ഇഡിയുടെ കേസ് ദുർബലമാക്കുന്നതുമായ ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യം പുനഃക്രമീകരിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസി ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കേസിൽ ആറ് മാസങ്ങൾക്ക് മുൻപ് രാഹുലിനും സോണിയക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്.5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം.
ജവഹര്‍ലാല്‍ നെഹ്‌റു 1938ലാണ് പാര്‍ട്ടി മുഖപത്രമായി 'നാഷണല്‍ ഹെറാള്‍ഡ്' തുടങ്ങിയത് . ഗാന്ധി കുടുംബാംഗങ്ങൾക്ക് 38% ഓഹരിയുള്ള 'യങ് ഇന്ത്യൻ' (വൈഐ) എന്ന കമ്പനി, നാഷണൽ ഹെറാൾഡ് പത്രത്തിൻ്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിൻ്റെ (എജെഎൽ.) 90 കോടിയിലധികം രൂപയുടെ കടം 50 ലക്ഷം രൂപയുടെ നാമമാത്ര തുകക്ക് ഏറ്റെടുത്തു എന്നാണ് കേസ്. ഈ ഇടപാട് വഴി എജെഎല്ലിൻ്റെ രാജ്യമെമ്പാടുമുള്ള റിയൽ എസ്റ്റേറ്റ് ആസ്തികളുടെ നിയന്ത്രണം യങ് ഇന്ത്യ സ്വന്തമാക്കി. ഈ ആസ്തികൾക്ക് ഏകദേശം 2,000 കോടി രൂപയോളം വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണക്കാക്കുന്നു.
Adjust Story Font
16

