Quantcast

'കോണ്‍ഗ്രസിനെ ലക്ഷ്യമിടാനാകില്ലെന്ന് ജിഎഫ്പി നേതാവ്'; ഗോവയിലെ ആം ആദ്മി സഖ്യം തകര്‍ച്ചയിലേക്കെന്ന് സൂചന

ബിജെപിയെ പരാജയപ്പെടുത്താന്‍ ഗോവയില്‍ ഒരു മഹാസഖ്യം വേണമെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി

MediaOne Logo
കോണ്‍ഗ്രസിനെ ലക്ഷ്യമിടാനാകില്ലെന്ന് ജിഎഫ്പി നേതാവ്; ഗോവയിലെ ആം ആദ്മി സഖ്യം തകര്‍ച്ചയിലേക്കെന്ന് സൂചന
X

പനാജി: ഗോവയിലെ ആം ആദ്മി പാര്‍ട്ടി സഖ്യം തകര്‍ച്ചയിലേക്കെന്ന് സൂചന. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആം ആദ്മിയും ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി)യുമാണ് സഖ്യം രൂപീകരിച്ചത്. എന്നാല്‍ സഖ്യം പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴേക്കും നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നത പുറത്തുവരികയാണ്.

ബിജെപിയെ പരാജയപ്പെടുത്താന്‍ ഗോവയില്‍ ഒരു മഹാസഖ്യം വേണമെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ അടക്കം ഉള്‍പ്പെടുത്തി മഹാസഖ്യം രൂപീകരിക്കണമെന്നാണ് സര്‍ദേശായിയുടെ ആവശ്യം.

'രാഷ്ട്രീയത്തില്‍ വോട്ടര്‍മാരാണ് രാജാവ്. അവരില്‍ നിന്ന് ഇപ്പോള്‍ എനിക്കൊരു ആഹ്വാനം മാത്രമേ കേള്‍ക്കാന്‍ സാധിക്കുന്നുള്ളൂ, അത് ഒരു മഹാസഖ്യമാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ച് മഹാസഖ്യം രൂപീകരിക്കേണ്ടതുണ്ട്. ഗോവക്കാര്‍ക്ക് വേണ്ടത് ഒറിജിനല്‍ മാങ്കുറാഡാണ്,' എന്നും സര്‍ദേശായി പറഞ്ഞു.

കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജിഎഫ്പിയുമായുള്ള സഖ്യത്തെ 'ബിജെപി-കോണ്‍ഗ്രസ് ഇതര ബദല്‍' പ്ലാറ്റ്ഫോം എന്നാണ് ആം ആദ്മി വിശേഷിപ്പിച്ചിരുന്നത്. ഇതിനെ മുന്‍നിര്‍ത്തിയാണ് സര്‍ദേശി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഗോവയിലെ ആം ആദ്മി പാര്‍ട്ടി നേതൃത്വം വെട്ടിലായിരിക്കുകയാണ്.

ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നൊരു 'ജോയിന്റ് വെഞ്ചര്‍' സംസ്ഥാനത്തെ തകര്‍ക്കുന്നുവെന്നാണ് ആം ആദ്മിയുടെ പ്രധാന ആരോപണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ബിജെപിയില്‍ ആഴത്തിലുള്ള വേരുകളുണ്ടെന്ന് എഎപി ഗോവ പ്രസിഡന്റ് വാല്‍മീകി നായിക് പറയുന്നു.

നിലവില്‍ സര്‍ദേശായിയുടെ പ്രസ്താവനയില്‍ ആം ആദ്മി പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്. ഇപ്പോഴത്തെ സഖ്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു. എന്നാല്‍ സഖ്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും സര്‍ദേശായി പ്രതികരിച്ചിരുന്നു.

സെപ്റ്റംബര്‍ 13നായിരുന്നു ഗോവയിലെ സഖ്യ രൂപീകരണം. തുടർന്ന് ദേശീയപാതകളില്‍ ഉള്‍പ്പെടെ സഖ്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ഇതില്‍ പലതും കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.

2022ല്‍, സംസ്ഥാനത്തെ 40 സീറ്റുകളില്‍ 20 എണ്ണം നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കോണ്‍ഗ്രസ് 11 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ആം ആദ്മി രണ്ടും ജിഎഫ്പി ഒരു സീറ്റും നേടി. പിന്നാലെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. 2019ലും സമാനമായ കൂറുമാറ്റം നടന്നിരുന്നു. കോണ്‍ഗ്രസിന്റെ 10 എല്‍എല്‍എമാരാണ് ബിജെപിയിലേക്ക് പോയത്.

TAGS :

Next Story