ഭരണകൂടം വെന്റിലേറ്ററിൽ; നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്
ലൈംഗിക പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി സർക്കാർ ആശുപത്രിയിൽ മരിച്ചതിലാണ് വിമർശനം

പട്‌ന: ലൈംഗിക പീഡനത്തിനിരയായ പത്തു വയസ്സുകാരി പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിൽ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഭരണകൂടം വെന്റിലേറ്ററിലാണെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം.
ആശുപത്രിക്കെതിരെയും സർക്കാരിനെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആദിത്യ പസ്വാൻ രംഗത്തെത്തി. ആശുപത്രി സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്യണമെന്നും ആരോഗ്യ മന്ത്രി രാജി വെക്കണമെന്നും പസ്വാൻ ആവശ്യപ്പെട്ടു. ലോകോത്തര നിലവാരമുള്ള ആശുപത്രിയാണെന്നത് വെറും പ്രഹസനമാണ്. അങ്ങനെ ആയിരുന്നെങ്കിൽ പെൺകുട്ടി മരിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്ക ഇല്ലാത്തതിനാൽ പെൺകുട്ടിയെ ആംബുലൻസിൽ മണിക്കൂറുകളോളം കിടത്തേണ്ടി വന്നത് ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനായേനെ. എന്നാൽ സുരക്ഷ ഉറപ്പാക്കാനും ജീവൻ രക്ഷിക്കാനും ഇരട്ട എഞ്ചിൻ സർക്കാരിനായില്ല എന്നും രാഹുലിന്റെ പോസ്റ്റിൽ ആരോപിക്കുന്നു.
മേയ് 26നാണ് പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി പീഡനത്തിനിരയായത്. ചികിത്സക്കായി ആദ്യം മുസഫർപൂരിലെ ശ്രീ കൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് പട്‌ന മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഉടനെ ആംബുലൻസിൽ വെച്ച് ഡോക്ടർ കുട്ടിയെ പരിശോധിച്ചു. ശേഷം ഐസിയുവിലേക്ക് മാറ്റിയെന്നും രാത്രി മുഴുവൻ ആവശ്യമായ ചികിത്സ നൽകിയെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അഭിജിത്ത് സിംഗ് എഎൻഐയോട് പ്രതികരിച്ചത്.
എന്നാൽ മണിക്കൂറുകളോളം ആംബുലൻസിൽ കാത്തിരിപ്പിച്ചതിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. കൃത്യമായ ചികിത്സ ലഭിച്ചിട്ടില്ലെന്നും ചികിത്സ വൈകിപ്പിച്ചെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.
Adjust Story Font
16

