Quantcast

സിം കാര്‍ഡിന് ബയോമെട്രിക് പരിശോധന, വാട്‌സ്ആപ്പിന് നിയന്ത്രണങ്ങള്‍; സൈബര്‍ തട്ടിപ്പ് തടയാനുറച്ച് കേന്ദ്രം

സൈബര്‍ സുരക്ഷക്കായി ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച പ്രത്യേക സമിതി സുപ്രിം കോടതിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

MediaOne Logo

Web Desk

  • Published:

    28 April 2026 2:49 PM IST

Govts plan to tackle digital arrests
X

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സിം കാര്‍ഡുകള്‍ നല്‍കുന്നതിന് മുന്‍പ് നിര്‍ബന്ധിത ബയോമെട്രിക് പരിശോധന ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ശിപാര്‍ശ ചെയ്തു. വ്യാജ രേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ എടുക്കുന്നത് തടയാനും തട്ടിപ്പുകാര്‍ക്ക് സിം ലഭ്യമാകുന്നത് ഇല്ലാതാക്കാനുമാണ് ഈ നീക്കം. തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുന്ന ഇന്റര്‍നാഷണല്‍ റോമിങ് സിം കാര്‍ഡുകള്‍ക്കും വിദേശ നമ്പറുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു.

തട്ടിപ്പുകാര്‍ പ്രധാനമായും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ടെലികോം സേവന ദാതാക്കളുമായും മെറ്റ പോലുള്ള കമ്പനികളുമായും ചര്‍ച്ചകള്‍ നടന്നു വരികയാണ്. വ്യാജ കോളുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും സംശയാസ്പദമായ അക്കൗണ്ടുകള്‍ വേഗത്തില്‍ റദ്ദാക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊലീസ്, സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേന വിഡിയോ കോളുകള്‍ ചെയ്ത് തട്ടിപ്പ് നടത്തുന്നത് ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നത് തടയാന്‍ ബാങ്ക് ഇടപാടുകളിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയാസ്പദമായ വലിയ ഇടപാടുകള്‍ നടക്കുമ്പോള്‍ ഇടപാട് തടഞ്ഞുവെക്കാനും ആ പണം തട്ടിപ്പുകാരിലേക്ക് എത്താതിരിക്കാനും ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുന്നത്. സൈബര്‍ സുരക്ഷക്കായി ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച പ്രത്യേക സമിതിയാണ് സുപ്രിം കോടതിയില്‍ ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. പൊതുജനങ്ങള്‍ക്ക് സൈബര്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

TAGS :

Next Story