Quantcast

'ചരിത്രത്തിലേക്ക്': ആദ്യമായി യാത്രാവിമാനം നിര്‍മിക്കാനൊരുങ്ങി ഇന്ത്യ; റഷ്യയുമായി കരാര്‍ ഒപ്പിട്ടു

ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന എസ്ജെ-100 ആണ് നിര്‍മിക്കുക

MediaOne Logo

Web Desk

  • Published:

    28 Oct 2025 3:54 PM IST

ചരിത്രത്തിലേക്ക്: ആദ്യമായി യാത്രാവിമാനം നിര്‍മിക്കാനൊരുങ്ങി ഇന്ത്യ; റഷ്യയുമായി കരാര്‍ ഒപ്പിട്ടു
X

Photo | Special arrangement

ന്യൂഡല്‍ഹി: വ്യോമഗതാഗത രംഗത്ത് ചരിത്രം കുറിക്കൊനൊരുങ്ങി ഇന്ത്യ. ആദ്യമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് എഞ്ചിനുകളുള്ള വീതി കുറഞ്ഞ വിമാനമായ എസ്ജെ-100 ആണ് നിര്‍മിക്കുക.

മോസ്‌കോയില്‍ വച്ച് തിങ്കളാഴ്ചയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ധാരണാപത്രം അനുസരിച്ച് ആഭ്യന്തര ഉപഭോക്താക്കള്‍ക്കായി വിമാനം നിര്‍മിക്കാനുള്ള അവകാശം എച്ച്എഎല്ലിന് ഉണ്ടായിരിക്കും. ഇതിനകം 200ലധികം വിമാനങ്ങള്‍ ഈ കമ്പനി നിര്‍മിച്ചിട്ടുണ്ട്. ആഗോളത്തില്‍ പതിനാറിലേറെ വിമാനകമ്പനികളുമായി യുഎസി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിക്ക് ഇതൊരു വഴിത്തിരിവാകുമെന്നാണ് എച്ച്എഎല്‍ അവകാശപ്പെടുന്നത്. ഒരു സമ്പൂര്‍ണ്ണ യാത്രാവിമാനം ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യത്തെ സന്ദര്‍ഭം കൂടിയായിരിക്കും ഇത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര യാത്രകള്‍ക്കായി വ്യോമയാന മേഖലയ്ക്ക് 200ല്‍ അധികം ഇത്തരം നാരോ-ബോഡി ജെറ്റുകള്‍ ആവശ്യമായി വരുമെന്നും സിവില്‍ ഏവിയേഷന്‍ മേഖലയില്‍ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു ചുവടുവെപ്പാണിതെന്നും എച്ച്എഎല്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ വെബ്സൈറ്റിലെ വിശദാംശങ്ങള്‍ അനുസരിച്ച് എസ്ജെ-100 വിമാനത്തിന് 103 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനും 3530 കിലോമീറ്റര്‍ ദൂരംവരെ പറക്കാനും കഴിയും. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും മൈനസ് 55 ഡിഗ്രി മുതല്‍ 45 ഡിഗ്രി വരെയുള്ള താപനിലയുള്ള എല്ലാ കാലാവസ്ഥാ മേഖലകളിലും പ്രവര്‍ത്തിക്കാനുള്ള കഴിവുമാണ് വിമാനത്തിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍.

TAGS :

Next Story