മരണത്തിലും മറ്റൊരാൾക്ക് വെളിച്ചമായി ഹരീഷ് റാണയുടെ മടക്കം
നീണ്ട 13 വർഷത്തെ ദുരിതജീവിതത്തിനൊടുവില്‍ ഇന്ത്യയിലെ ആദ്യത്തെ നിയമവിധേയ 'നിഷ്ക്രിയ ദയാവധ'ത്തിലൂടെയാണ് ഹരീഷ് റാണ ലോകത്തോട് വിടപറഞ്ഞത്

- Published:
25 March 2026 11:00 AM IST

ന്യൂഡല്‍ഹി: മരണത്തിലും മറ്റൊരാൾക്ക് ജീവനും വെളിച്ചവും നൽകി ഹരീഷ് റാണയുടെ മടക്കം. രാജ്യത്ത് ആദ്യമായി നിഷ്‌ക്രിയ ദയാവധത്തിന് അനുമതി ലഭിച്ച ഹരീഷ് വിടവാങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ കണ്ണുകളും ഹൃദയവാൽവുകളും ദാനം ചെയ്ത് മാതൃകയാവുകയാണ് കുടുംബം.തീരാവേദനകൾക്കിടയിലും പ്രതീക്ഷയുടെ വലിയൊരു വെളിച്ചം പകരുകയാണ് ഹരീഷ് റാണയുടെ കുടുംബം.
പതിമൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചൊവ്വാഴ്ച വൈകുന്നേരം 4.10 ന് ഡൽഹിയിലെ എയിംസിൽ വെച്ച് ഹരീഷ് റാണ വേദനയുടെ ലോകത്ത് നിന്ന് യാത്രയായത്. മരണശേഷം ഹരീഷ് റാണയുടെ കുടുംബം അദ്ദേഹത്തിന്റെ കോർണിയകളും ഹൃദയ വാൽവുകളും ദാനം ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മരണശേഷം 24 മണിക്കൂറിനുള്ളിൽ വാൽവുകൾ സാധാരണയായി നീക്കം ചെയ്യും.മരണശേഷം 6 മുതൽ 8 മണിക്കൂർ വരെ കഴിഞ്ഞ് 15 മിനിറ്റ് നീണ്ടുനിൽക്കുന്ന നടപടിക്രമത്തിലൂടെയാണ് കോർണിയ നീക്കം ചെയ്യുന്നത്.
2013-ൽ ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയിൽ പഠിക്കുമ്പോൾ താമസസ്ഥലത്തെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷിന് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിനേറ്റ ആഘാതം ഹരീഷിനെ പൂർണ്ണമായും കിടപ്പിലാക്കി. കഴിഞ്ഞ 13 വർഷമായി ട്യൂബ് വഴിയുള്ള ഭക്ഷണത്തെ ആശ്രയിച്ച് അബോധാവസ്ഥയിലായിരുന്നു അദ്ദേഹം.
മകന്റെ കഷ്ടപ്പാടുകൾ കണ്ടുനിൽക്കാൻ കഴിയാതെ ഹരീഷിന്റെ മാതാപിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രിം കോടതിയുടെ ചരിത്രപരമായ ഉത്തരവിനെത്തുടർന്ന് മാർച്ച് 14-നാണ് ഹരീഷിനെ ഡൽഹി എയിംസിലേക്ക് മാറ്റിയത്. കോടതി നിർദ്ദേശപ്രകാരം അദ്ദേഹത്തിന് നൽകിയിരുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിച്ചു. പത്ത് ദിവസത്തോളം ആഹാരമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.
മരണത്തിന് ശേഷവും മറ്റൊരാളിലൂടെ ജീവിക്കാനും ലോകത്തിന് പ്രകാശമാകാനും ഹരീഷിന് സാധിക്കുമെന്നത് ആ കുടുംബത്തിന് വലിയ ആശ്വാസമാകുന്നു. അവയവദാനമെന്ന വലിയ സന്ദേശം കൂടി സമൂഹത്തിന് നൽകിയാണ് വേദനയുടെയും കാത്തിരിപ്പിന്റെയും നാളുകൾക്കൊടുവിൽ ഹരീഷ് റാണ വിടവാങ്ങുന്നത്.
Adjust Story Font
16
