കാണാതായ ഹരിയാന മോഡലിന്‍റെ മൃതദേഹം രണ്ട് ദിവസങ്ങൾക്ക് ശേഷം കഴുത്തറുത്ത നിലയിൽ കനാലിൽ
ശനിയാഴ്ചയാണ് ശീതളിനെ കാണാതാകുന്നത്

ചണ്ഡീഗഡ്: രണ്ട് ദിവസങ്ങൾക്ക് മുൻപ് കാണാതായ ഹിയാന മോഡൽ ശീതളിന്‍റെ മൃതദേഹം കനാലിൽ. കഴുത്തറുത്ത നിലയിലാണ് മൃതദേഹം. സോണിപത്തിലെ ഖാർഖൗഡയിലെ ഒരു കനാലിൽ നിന്ന് കണ്ടെത്തിയതായി തിങ്കളാഴ്ച പൊലീസ് അറിയിച്ചു.ശനിയാഴ്ചയാണ് ശീതളിനെ കാണാതാകുന്നത്.
'' കനാലിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിനിടയിൽ, പാനിപ്പത്തിൽ ശീതൾ എന്ന യുവതിയെ കാണാതായതായി പരാതി ലഭിച്ചതായി കണ്ടെത്തി. തുടർനടപടികൾ സ്വീകരിച്ചുവരുന്നു, ”പൊലീസ് വ്യക്തമാക്കി. പാനിപ്പത്ത് സ്വദേശിയാണ് സിമ്മി എന്ന് അറിയപ്പെടുന്ന ശീതൾ. അഹർ ഗ്രാമത്തിൽ നടക്കാനിരുന്ന ഹരിയാൻവി ആൽബം ഷൂട്ടിംഗിന് ശേഷം ശീതൾ വീട്ടിലേക്ക് മടങ്ങാത്തതിനെ തുടർന്ന് ജൂൺ 14 ന് സഹോദരി ആളെ കാണാതായതായി പരാതി നൽകിയിരുന്നു.
ശീതൾ രണ്ട് ദിവസം മുമ്പ് ഒരു കാറിൽ സുനിൽ എന്ന പുരുഷ സുഹൃത്തിനൊപ്പം പോയിരുന്നു. വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ കനാലിലേക്ക് വീണതായി റിപ്പോർട്ടുണ്ട്. സുനിലിനെ രക്ഷപ്പെടുത്തി ഇപ്പോൾ പാനിപ്പത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്, വാഹനം വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനത്തിനിടെ ശീതളിന്‍റെ മൃതദേഹം കണ്ടെടുത്തുവെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ ആഴ്ച പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കമൽ കൗറിനെ ബട്ടിൻഡയിലെ ആദേശ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.ലുധിയാനയിൽ താമസിക്കുന്ന കൗറിന് ഇൻസ്റ്റാഗ്രാമിൽ 3.83 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. കൗറിന്‍റെ റീൽസുകൾ വൈറലായിരുന്നു. എന്നാൽ അശ്ലീല ഭാഷ ഉപയോഗിച്ചതുമൂലം ചില റീലുകൾ വിവാദങ്ങൾക്ക് കാരണമായിരുന്നു. മൃതദേഹം കണ്ടെത്തിയ വാഹനം ലുധിയാന ജില്ലയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൗറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പിന്നീട് കാറിൽ കൊണ്ടുപോയി സർവകലാശാലയുടെ പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിച്ചതാകാമെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. വാഹനത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്തുള്ളവർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
Adjust Story Font
16

