ഹബീബ് ആബിദ് ഇറാഖിൽനിന്ന് ഇന്ത്യയിലെത്തിയത് മകന്റെ ശസ്ത്രക്രിയക്ക്; ഇപ്പോൾ മോർച്ചറിക്ക് മുന്നിൽ മറ്റൊരാളുടെ മൃതദേഹത്തിനായി കാത്തിരിക്കുന്നു...
സൗത്ത് ഡൽഹിയിലെ ഹോട്ടൽ കെട്ടിടത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞ സഹോദരീ ഭർത്താവിന്‍റെ മൃതദേഹം കാത്തിരിക്കുകയായിരുന്നു ഹബീബ്. ജീവൻ നഷ്ടമായ കുടുംബാംഗങ്ങളെയും ഉറ്റവരെയും തേടി വേറെയും നിരവധി പേരാണ് മോർച്ചറിക്ക് മുൻപിലെത്തിയിരിക്കുന്നത്.

- Updated:
2026-06-04 16:38:49

ന്യൂഡൽഹി: ഡൽഹിയിലെ എയിംസ് ട്രോമ സെന്‍ററിലെ മോർച്ചറിക്ക് പുറത്ത് ഇരിക്കപ്പൊറുതിയില്ലാതെ നിമിഷങ്ങൾ തള്ളിനീക്കുകയായിരുന്നു 40കാരൻ ഹബീബ് ആബിദ്. ഉറ്റവരോടുള്ള ഒടുവിലത്തെ യാത്രപറച്ചിലുകളുടെ നിലവിളികളും ആക്രോശങ്ങളും കൊണ്ട് തിങ്ങിനിറഞ്ഞ മോർച്ചറിപ്പുറത്തെ അന്തരീക്ഷം. അടക്കംപറച്ചിലുകൾക്കും വിതുമ്പലുകൾക്കുമപ്പുറം ഉള്ളിൽ അലതല്ലിത്തെറിക്കുന്ന തിരമാലകളെ ശാന്തമാക്കാൻ പുറത്ത് വലിച്ചിട്ടിരുന്ന ബെഞ്ചിൽ അയാൾ മനസില്ലാമനസോടെ ഇരുന്നു.
ഇറാഖിലുള്ള ഉറ്റബന്ധുവുമായുള്ള ഫോൺ കോൾ അവസാനിക്കുമ്പോഴേക്ക് അയാൾ വീണ്ടും വിതുമ്പിത്തുടങ്ങിയിരുന്നു. ഒരുവിധം അയാൾ വിവരങ്ങൾ പറഞ്ഞൊപ്പിച്ചു. ഫോൺ തിരികെ പോക്കറ്റിലേക്ക്. വീണ്ടും തിരികെ മോർച്ചറിപ്പുരയ്ക്ക് പുറത്തെ ശാന്തമായ ഒച്ചപ്പാടുകളിലേക്ക്.
സൗത്ത് ഡൽഹിയിലെ ഹോട്ടൽ കെട്ടിടത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ ജീവൻ പൊലിഞ്ഞ സഹോദരീ ഭർത്താവിന്‍റെ മൃതദേഹം കാത്തിരിക്കുകയായിരുന്നു ഹബീബ്. ജീവൻ നഷ്ടമായ കുടുംബാംഗങ്ങളെയും ഉറ്റവരെയും തേടി വേറെയും നിരവധി പേരാണ് മോർച്ചറിക്ക് മുൻപിലെത്തിയിരിക്കുന്നത്.
തലച്ചോറിലെ ട്യൂമർ കാരണം പ്രയാസപ്പെട്ട് കഴിയുകയായിരുന്ന മകനുമായി കഴിഞ്ഞയാഴ്ചയാണ് ആബിദ് ഇറാഖിൽ നിന്ന് ഡൽഹിയിൽ പറന്നിറങ്ങിയത്. 18കാരനായ മകൻ ഹൈദറിന് അടുത്തിടെ ട്യൂമർ കാരണമുള്ള വേദന കലശലായിത്തുടങ്ങിയിരുന്നു. ഇതേതുടർന്നാണ് സാകേതിലെ മാക്സ് ആശുപത്രിയിൽ മകനുവേണ്ടി ആബിദ് അപ്പോയിന്‍മെന്‍റ് എടുക്കുന്നത്. സഹോദരീഭർത്താവ് അലി(29)യും കൂട്ടിനുണ്ടായിരുന്നു.
'എന്‍റെ മകനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം തൊട്ടടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തിരിക്കുകയായിരുന്നു ഞങ്ങൾ. അഞ്ചാം നിലയിലാണ് ഞങ്ങൾക്ക് മുറി ലഭിച്ചത്. രാവിലെ ഉറക്കമുണർന്ന ഞങ്ങൾ കാണുന്നത്, ഹോട്ടലിനെ അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കരിമ്പുക മാത്രം' ഹബീബിനെ ഉദ്ദരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രാവിലെ ഹോട്ടലിലുള്ളവരുടെ അട്ടഹാസവും നിലവിളികളും കേട്ടാണ് ഉറക്കമുണർന്നതെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുൻപാകെ ഓർത്തെടുത്തു. സ്ഥലകാലബോധം വീണ്ടെടുക്കുമ്പോഴേക്ക് തീനാളങ്ങൾ എല്ലാം നക്കിത്തുടച്ച് തുടങ്ങിയിരുന്നു. രണ്ടാം നിലയിലേക്ക് തീ അതിവേഗത്തിൽ പടർന്നുപിടിക്കുന്നത് അൽപ്പനേരത്തേക്കെങ്കിലും നോക്കിനിൽക്കാൻ മാത്രമേ സാധിച്ചുള്ളൂവെന്നത് ഞെട്ടലോടെയാണ് ഹബീബ് സ്മൃതി മണ്ഡലത്തിൽ നിന്ന് പെറുക്കിയെടുത്തത്.
'എന്തുചെയ്യണമെന്നറിയാതെ പരക്കം പായുകയായിരുന്നു ഹോട്ടലിലുള്ളവർ. ജനാല പൊളിച്ച് പുറത്ത് ചാടാൻ നോക്കുന്നവരും കോണിയുപയോഗിച്ച് ഇറങ്ങാൻ ശ്രമിക്കുന്നവരുമായിരുന്നു മിക്കവരും. എങ്ങനെയോ എനിക്കും താഴെക്കിറങ്ങാൻ പറ്റി. പക്ഷെ, അഗ്നിനാളങ്ങൾക്കൊപ്പമെത്തിയ കരിമ്പുക അലിയെയും കൊണ്ടുപോകുന്നത് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ.' ഇത്രയും പറഞ്ഞ് ഹബീബ് വീണ്ടും വിതുമ്പി. തന്‍റെ മകനിപ്പോഴും സർജറിയും കാത്ത് ആശുപത്രിയിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാവിലെ 8.50ഓടെയാണ് സൗത്ത് ഡല്‍ഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ലെമണ്‍ ഗ്രീന്‍ ഹോട്ടലിന്റെ ഫ്ലോറിഷ് സ്റ്റേ ബ്രഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് റസ്റ്റോറന്റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ മരിച്ച 21 പേരില്‍ 18 പേരും വിദേശികളാണ്. നൈജീരിയ, മൊസാംബിക്, സോമാലിയ, ലൈബീരിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച വിദേശികളെന്നാണ് വിവരം.
അപകടം നടന്നതിന് തൊട്ടുപിന്നാലെ, അയൽവാസികൾ, കടയുടമകൾ, തൊഴിലാളികൾ, തൊട്ടടുത്ത വാടകവീടുകളിലെ അതിഥികൾ എന്നിവരുടെ പിന്തുണയോടെയാണ് രക്ഷാപ്രവർത്തന ദൗത്യം എളുപ്പത്തിലാക്കിയത്. ഹോട്ടലിന് എതിർവശത്തുള്ള തുണിക്കടക്കാരനായ 61കാരൻ റിയാസുദ്ദീന്‍റെ ഇടപെടലും ശ്രദ്ധേയമാണ്. തീ കൂടുതൽ വ്യാപിക്കുന്നെന്ന് മനസിലാക്കിയുടൻ തന്‍റെ കടയിലെ തുണികളെല്ലാം ജനലുകളിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു അദ്ദേഹം. രണ്ട് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടങ്ങൾ അദ്ദേഹത്തിന് മാത്രം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാൽ, പത്തിലേറെ പേരെ മരണത്തിന്‍റെ വക്കിൽ നിന്ന് പുതുജീവിതത്തിലേക്ക് വലിച്ചുകയറ്റാൻ സാധിച്ചതിന്‍റെ സംതൃപ്തിയിലാണ് അദ്ദേഹം.
തീ ആളിപ്പടർന്നത് ശ്രദ്ധയിൽ പെട്ടതിന് തൊട്ടുപിന്നാലെ ഹോട്ടലിലേക്ക് പാഞ്ഞടുക്കുകയായിരുന്നെന്ന് തൊട്ടടുത്ത മാക്സ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ വസീം റാസ പ്രതികരിച്ചു. 'ആദ്യമൊക്കെ എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചുപോയി. എന്നാൽ, അധികം വൈകാതെ അതിജീവിതരെ തിരയാനുള്ള ശ്രമമാരംഭിച്ചു. മൂന്നാം നിലയിൽ നിന്ന് പത്ത് പേരെയെങ്കിലും രക്ഷപ്പെടുത്തി സിപിആർ നൽകി വിട്ടയിക്കാൻ സാധിച്ചതിൽ ആശ്വാസമുണ്ട്'. റാസയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തകരും എത്തിയപാടെ പ്രദേശവാസികൾ നൽകിയ അകമഴിഞ്ഞ പിന്തുണയാണ് രക്ഷാപ്രവർത്തനം വേഗത്തിലും എളുപ്പത്തിലുമാക്കിയത്.
'എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിനിൽക്കുകയായിരുന്നു അകത്തെയാളുകൾ. ആകെ പേടിച്ചിരിക്കുകയായിരുന്നു അവർ. ചിലരൊക്കെ സഹായം തേടി അലറിക്കരയുന്നുമുണ്ട്. പലർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ മൃതദേഹം പുറത്തെടുക്കാൻ സഹായിക്കാമോയെന്ന് ചോദിച്ച് കരയുന്നവരെയും അകത്ത് കണ്ടു. ഞങ്ങളെല്ലാവരും കൂടെ ചേർന്ന് അവരെ പുറത്തെടുത്തു. ബെഡ്ഷീറ്റുകളിൽ അവരെ പൊതിഞ്ഞു'. രക്ഷാപ്രവർത്തകരിലൊരാളായ മുഹമ്മദ് ഇസ്റാർ ഖാനെ ഉദ്ദരിച്ച് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
Adjust Story Font
16
