ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; യമുന നദിയിൽ പ്രളയ മുന്നറിയിപ്പ്
പഞ്ചാബിൽ ഇതുവരെ 30 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഡൽഹി യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളിൽ ഉയർന്നു. പ്രളയ മുന്നറിയിപ്പിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. പഞ്ചാബിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും ഹിമാചൽ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്നാണ് യമുന നന്ദി കരകവിഞ്ഞൊഴുകിയത്. ഇതോടെ നന്ദി കരയിലെ വീടുകളിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. ആളുകളെ റോഡരികിൽ സജ്ജീകരിച്ച തത്കാലിക ഹെൽറ്ററുകളിലേക്ക് മാറ്റി. യമുന ബസാർ, മയൂർ വിഹാർ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. എൻഡിആർഎഫിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശിലെ സുന്ദർനഗറിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി. പഞ്ചാബിൽ ഇതുവരെ 30 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. മൂന്നര ലക്ഷം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ. ഹിമാചൽപ്രദേശിൽ 3 ദേശീയപാതകൾ ഉൾപ്പെടെ 800 ലധികം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ മഴക്കെടുതിയിൽ 16 മരണം റിപ്പോർട്ട് ചെയ്തു. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
Adjust Story Font
16

