Quantcast

ഹിമാചൽ പ്രദേശിൽ ബലാത്സംഗത്തിന് ഇരയായ വിദ്യാർഥിനി മരിച്ചു; അധ്യാപകനും മൂന്ന് വിദ്യാർഥിനികൾക്കും എതിരെ കേസ്

ധരംശാല കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ് മരിച്ചത്

MediaOne Logo
ഹിമാചൽ പ്രദേശിൽ ബലാത്സംഗത്തിന് ഇരയായ വിദ്യാർഥിനി മരിച്ചു; അധ്യാപകനും മൂന്ന് വിദ്യാർഥിനികൾക്കും എതിരെ കേസ്
X

ധരംശാല: ഹിമാചൽ പ്രദേശിൽ ലൈംഗികാതിക്രമത്തിന് ഇരയായ കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കോളജിലെ അധ്യാപകനും മൂന്ന് വിദ്യാർഥിനികൾക്കും എതിരെ പൊലീസ് കേസെടുത്തു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു വിദ്യാർഥിനി പിന്നീട് മരണപ്പെടുകയായിരുന്നു. ധരംശാല കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ് മരിച്ചത്.

ധരംശാലയിലെ ഒരു കോളജിലെ അധ്യാപകനും മൂന്ന് വിദ്യാർഥിനികളും ചേർന്ന് 19 വയസ്സുകാരിയായ വിദ്യാർഥിനിയെ റാഗ് ചെയ്യുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ബിഎൻഎസ് സെക്ഷൻ 75, 115 (2), 3(5), ഹിമാചൽ പ്രദേശ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ (റാഗിങ് നിരോധനം) ആക്ട് 2009ലെ സെക്ഷൻ മൂന്ന് എന്നിവ പ്രകാരമാണ് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിസംബർ 26നാണ് വിദ്യാർഥിനി മരിച്ചത്. മൂന്ന് വിദ്യാർഥിനികൾ മകളെ ശാരീരികമായ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നുമാണ് ഇരയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.

മരിക്കുന്നതിന് മുമ്പ് വിദ്യാർഥിനി റെക്കോർഡ് ചെയ്ത വീഡിയോയിൽ അധ്യാപകൻ തന്നെ അനുചിതമായ രീതിയിൽ സ്പർശിച്ചതിനെ കുറിച്ചും മാനസികവും ലൈംഗികവുമായി നിരവധി പീഡനങ്ങൾ നേരിട്ടതിനെ കുറിച്ചും പറഞ്ഞിരുന്നു. കോളജിലെ വിദ്യാർഥിനികളായ ഹർഷിത, ആകൃതി, കൊമോലിക എന്നിവർക്കും അധ്യാപകനായ അശോക് കുമാറിനും എതിരെയാണ് കേസെടുത്തത്.

TAGS :

Next Story