'എന്റെ പേര് മുഹമ്മദ് ദീപക്, അതില്‍ ആര്‍ക്കാണ് പ്രശ്‌നം?' മുസ്‌ലിം കടയുടമയ്ക്കെതിരെ ആക്രോശിച്ച ബജ്റംഗ്ദൾ പ്രവർത്തകരോട് യുവാവ്
സ്ഥാപനത്തിന്റെ പേരിനോടൊപ്പം ബാബാ എന്ന് ചേര്‍ത്തതിനെ ചൊല്ലിയാണ് ആക്രോശം

- Published:
31 Jan 2026 9:53 AM IST

കോട്ദ്വാര്‍: സ്ഥാപനത്തിന്റെ പേരുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മുസ്‌ലിം കച്ചവടക്കാരന് നേരെ ആക്രോശവുമായി പാഞ്ഞടുത്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഉത്തരാഖണ്ഡിലെ കോട്ദ്വാര്‍ ജില്ലയിലാണ് സംഭവം. കടയുടെ പേരിന്റെ തുടക്കത്തില്‍ ബാബാ എന്ന് ഉപയോഗിച്ചതിലുള്ള പ്രതിഷേധമാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ അരിശത്തിന് കാരണം. സംഭവത്തില്‍ മുസ്‌ലിം കച്ചവടക്കാരന് പ്രതിരോധവുമായി ചുറ്റിലുമുണ്ടായിരുന്ന ആളുകളും ഒത്തുചേര്‍ന്നതോടെ പ്രദേശം സംഘര്‍ഷഭരിതമാകുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചാവിഷയമായി ഉയര്‍ന്നുവന്നിരിക്കുകയാണ്.
കോട്ദ്വാര്‍ സ്വദേശിയായ ഷുഐബ് അഹ്മദും കുടുംബവും വര്‍ഷങ്ങളായി നടത്തിവരുന്ന ബാബാ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിങ്ങ് സെന്ററിനെതിരെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. സ്ഥാപനത്തിന്റെ പേരിനോടൊപ്പം ബാബാ എന്ന് ചേര്‍ത്തതിനെ ചൊല്ലിയാണ് ആക്രോശം. ബാബാ എന്നത് മുസ്‌ലിംകള്‍ ഉപയോഗിക്കേണ്ട പേരല്ലെന്നാണ് അക്രമികളുടെ വാദം.
സംഘര്‍ഷത്തിനിടെ കടയുടെ നെയിംബോര്‍ഡില്‍ നിന്ന് ബാബ എന്നത് എടുത്തുമാറ്റണമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പെരുമാറ്റദൂഷ്യം ചോദ്യം ചെയ്തുകൊണ്ട് നാട്ടുകാരിലൊരാളായ ദീപക് കുമാറിന്റെ രംഗപ്രവേശനം.
ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ രണ്ടാംകിട പൗരന്മാരാണോയെന്നും മുപ്പത് വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തുകൊണ്ടാണ് മാറ്റണമെന്ന് പറയുന്നതെന്നും ദീപക് ചോദിച്ചു. പേരാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക്ക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്‌നം എന്നുകൂടി ദീപക്ക് ചോദിച്ചതോടെ ആള്‍ക്കൂട്ടത്തിന്റെ ആക്രോശം മാത്രം ബാക്കി.
അല്‍പ്പസമയത്തിനകം, കൂടുതല്‍ പ്രദേശവാസികള്‍ ദീപക്കിനോടൊപ്പം ചേരുകയായിരുന്നു. ഇതോടെ ബജ്റംഗ്ദൾ പ്രവർത്തകർ പിരിഞ്ഞുപോകുകയും ചെയ്തു. സംഭവത്തിന് പിന്നാലെ, പ്രദേശം ശാന്തമാണെന്നും തങ്ങള്‍ക്ക് നേരെ നിലവില്‍ ഭീഷണിയില്ലെന്നും കടയുടമ ഷുഐബ് അഹ്മദ് ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. കടയുടെ പേര് മാറ്റാന്‍ നിലവില്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് നല്‍കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും സാമുദായികഐക്യം തകര്‍ത്തുകൊണ്ട് രംഗം വഷളാക്കേണ്ടെന്നതിനാല്‍ വേണ്ടെന്ന് തീരുമാനിച്ചതായും സംഘര്‍ഷസമയത്ത് തന്നെ പ്രതിരോധിക്കാനായി മുന്നോട്ടുവന്ന നാട്ടുകാരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16
