കൊല്ലപ്പെട്ടെന്ന് കരുതിയ ഭാര്യ ആധാറിൽ മാറ്റം വരുത്താൻ ശ്രമിച്ചു; കൊലപാതകക്കേസിൽ ട്വിസ്റ്റായത് ഒടിപി
പ്രിയങ്കയുടെ ഭർത്താവ് സന്ദീപ് കുമാറിന്‍റെ മൊബൈൽ ഫോൺ നമ്പറിലേക്കാണ് ആധാർ കാർഡ് മാറ്റുന്നതിനുള്ള ഒടിപി എത്തിയത്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിൽ വര്‍ഷങ്ങളായി ഒരു തുമ്പുമില്ലാതിരുന്ന കൊലപാതകക്കേസിൽ ആധാര്‍ ഒടിപി കാരണം വഴിത്തിരിവുണ്ടായിരിക്കുകയാണ്. രണ്ട് വര്‍ഷമായി മരിച്ചുവെന്ന് കരുതിയ സ്ത്രീയെ രാജസ്ഥാനിൽ ജീവനോടെ കണ്ടെത്തിയിരിക്കുകയാണ്.കൊല്ലപ്പെട്ടുവെന്ന് കരുതിയ പ്രിയങ്ക പ്രജാപതി എന്ന യുവതി ആധാര്‍ കാര്‍ഡിൽ മാറ്റം വരുത്താൻ ശ്രമിച്ചതാണ് ട്വിസ്റ്റായത്. പ്രിയങ്കയുടെ ഭർത്താവ് സന്ദീപ് കുമാറിന്‍റെ മൊബൈൽ ഫോൺ നമ്പറിലേക്കാണ് ആധാർ കാർഡ് മാറ്റുന്നതിനുള്ള ഒടിപി എത്തിയത്. 2024ലാണ് പ്രിയങ്ക വീടുവിട്ടിറങ്ങിയത്.
2017 മെയ് 14നായിരുന്നു പ്രിയങ്കയുടെയും സന്ദീപിന്‍റെയും വിവാഹം. ഇരുവര്‍ക്കും ഒരു മകനുണ്ട്. തുടക്കത്തിൽ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ വഴക്കുകൾ പതിവായി. ഒടുവിൽ 2024 ജൂലൈ 1ന് പ്രിയങ്ക ലക്ഷക്കണക്കിന് വില വരുന്ന ആഭരണങ്ങളും മകനുമായി വീടുവിട്ടിറങ്ങി. ആദ്യം സ്വന്തം വീട്ടിലേക്കാണ് പോയതെങ്കിലും യുവതി അവിടെ നിന്നും അയോധ്യയിലേക്കാണ് പോയത്. അയോധ്യയിലേക്ക് പോകുന്നതിന് മുമ്പ് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയിൽ ഭാര്യയെയും മകനെയും കാണാൻ സന്ദീപ് ഭാര്യ വീട്ടിലെത്തിയെങ്കിലും ഇരുവരും വീട്ടിൽ നിന്ന് പോയെന്നായിരുന്നു മറുപടി. എന്നാൽ പ്രിയങ്കയുടെ കൈയിൽ ഉണ്ടായിരുന്ന സ്വർണം സ്വന്തമാക്കുന്നതിനായി പ്രിയങ്കയുടെ പിതാവ് അവളെ കൊന്നുവെന്നും കുഞ്ഞിനെ സരയു നദിയിൽ ഒഴുക്കിയെന്നും നാട്ടിൽ പ്രചരിച്ച കഥ.
സന്ദീപ് പ്രിയങ്കയുടെ പിതാവ് ദയാറാം, അമ്മ ശുഭവതി ദേവി, ബന്ധുവായ സഞ്ജന, മറ്റൊരു ഗ്രാമീണൻ എന്നിവർക്കെതിരെ പരാതി നൽകുകയും ഇവര്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രിയങ്ക മരിച്ചതായി കണക്കാക്കി പോലീസ് കൊലപാതകം അന്വേഷിക്കാൻ തുടങ്ങി.
അയോധ്യയിൽ വച്ച് പ്രിയങ്ക രാജസ്ഥാൻ സ്വദേശിയായ മംഗൾ ചന്ദ്രയെ കണ്ടുമുട്ടുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. രാജസ്ഥാനിൽ ഭാര്യാഭര്‍ത്താക്കൻമാരായി ജീവിക്കുകയായിരുന്നു ഇരുവരും.ഏകദേശം രണ്ട് വർഷത്തിന് ശേഷം, പ്രിയങ്കയുടെ ആധാർ അപ്‌ഡേറ്റ് അഭ്യർഥനയുമായി ബന്ധപ്പെട്ട ഒരു ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) സന്ദീപിന്റെ ഫോണിൽ ലഭിച്ചതോടെ കേസ് അപ്രതീക്ഷിത വഴിത്തിരിവിലെത്തി.പൊലീസ് സ്ഥലത്തെത്തുകയും പ്രിയങ്കയെ ജീവനോടെ കണ്ടെത്തുകയുമായിരുന്നു. കേസ് വീണ്ടും പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. അതേസമയം, സന്ദീപ് തന്‍റെ മകന്റെ സംരക്ഷണം തേടിയതായും റിപ്പോർട്ടുണ്ട്
Adjust Story Font
16

