Quantcast

'ഇന്ത്യ അതായത് ഭാരതം'; ഭരണഘടന അംഗീകരിച്ചത് എങ്ങനെ?

ജി20 ഉച്ചകോടിയുടെ ഭാഗമായ രാഷ്ട്രപതിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് എഴുതിയതാണ് രാജ്യത്തിന്റെ പേര് വീണ്ടും ചർച്ചയാവാൻ കാരണം.

MediaOne Logo

Web Desk

  • Published:

    5 Sep 2023 1:36 PM GMT

How ‘India, that is Bharat’ was adopted in Constitution
X

രാജ്യത്തിന്റെ പേര് വീണ്ടും ചർച്ചയാവുകയാണ്. ഇന്ത്യയോ അതോ ഭാരതമോ? ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് എന്നാണ് ഭരണഘടനയുടെ ഒന്നാമത്തെ ആർട്ടിക്കിൾ പറയുന്നത്. ഇന്ത്യ, ഭാരതം എന്നീ രണ്ടുപേരുകളും രാഷ്ട്രീയവും നിയമപരവുമായ ആവശ്യങ്ങൾക്ക് ഔദ്യോഗികമായി ഉപയോഗിക്കാറുണ്ട്.

ജി20 ഉച്ചകോടിയുടെ ഭാഗമായ രാഷ്ട്രപതിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് എഴുതിയതാണ് രാജ്യത്തിന്റെ പേര് വീണ്ടും ചർച്ചയാവാൻ കാരണം. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇന്ത്യയെന്ന പേര് മാറ്റാനുള്ള ബിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കോൺഗ്രസ് ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

കൗതുകകരമായ കാര്യം 2012ൽ കോൺഗ്രസിന്റെ രാജ്യസഭാ എം.പിയായിരുന്ന ശാന്താറാം നായിക് ഭരണഘടനയിൽ ഇന്ത്യയെന്ന പേര് ഭാരതം എന്നാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി ഭാരതത്തിന് ഭൂമിശാസ്ത്രപരമായ അതിർത്തികളേക്കാൾ വലിയ അർഥമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ഭരണഘടന തയ്യാറാക്കുന്നതിനായി ഭരണഘടനാ അസംബ്ലി രൂപീകരിച്ചിരുന്നു. ഭരണഘടനാ അസംബ്ലി ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയതിനു പിന്നാലെ രാജ്യത്തിന്റെ പേര് സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ ഉയർന്നു. 1949 നവംബർ 18 ന് ഇതുസംബന്ധിച്ച് വലിയൊരു സംവാദം നടന്നു. ഭരണഘടനാ അസംബ്ലി അംഗമായ എച്ച്.വി കാമത്താണ് സംവാദത്തിന് തുടക്കമിട്ടത്.

രാജ്യത്തിന് ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകൾ നൽകിക്കൊണ്ടാണ് ബി.ആർ അംബേദ്കർ അധ്യക്ഷനായ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ കരട് രേഖ തയ്യാറായത്. ഈ രീതിയെ കാമത്ത് എതിർത്തു. ആർട്ടിക്കിൾ-1ൽ കാമത്ത് ഭേദഗതി നിർദേശിക്കുകയായിരുന്നു. 'ഇന്ത്യ അതാണ് ഭാരതം' എന്നാണ് ആർട്ടിക്കിൾ-1ൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ രാജ്യത്തിന് ഒരു പേര് മാത്രമേ ഉണ്ടാകാവൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'ഹിന്ദുസ്ഥാൻ, ഹിന്ദ്, ഭാരതഭൂമി, ഭാരതവർഷ' തുടങ്ങിയ പേരുകളാണ് അദ്ദേഹം നിർദേശിച്ചത്.

പേരിനെ ചൊല്ലി എതിർപ്പുയർത്തിയത് കാമത്ത് മാത്രമായിരുന്നില്ല. സേട്ട് ഗോവിന്ദ് ദാസും എതിർക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. 'ഇന്ത്യ അതായത് ഭാരത്' എന്നത് ഒരു രാജ്യത്തിന്റെയും പേരിന്റെ മനോഹരമായ രൂപമല്ലെന്ന് അദ്ദേഹം വാദിച്ചു. പകരം 'ഭാരത്, വിദേശരാജ്യങ്ങളിൽ ഇന്ത്യ എന്നും അറിയപ്പെടുന്നു' എന്നെഴുതണമെന്നാണ് അദ്ദേഹം പറഞ്ഞത്. പുരാണങ്ങളും മഹാഭാരതവുമൊക്കെ അദ്ദേഹം തന്റെ വാദത്തിന് അനുബന്ധമായി പരാമർശിക്കുകയും ചെയ്തു.

വിശദമായ ചർച്ചകൾക്ക് ശേഷം ഭേദഗതികൾക്കായി വോട്ടെടുപ്പ് നടന്നപ്പോൾ, ഈ നിർദേശങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. അവസാനം ആർട്ടിക്കിൾ 1 മാത്രം ഭേദഗതിയില്ലാതെ തുടർന്നു. അങ്ങനെ 'ഭാരതം എന്ന ഇന്ത്യ' നിലനിൽക്കുകയും ചെയ്തു.

TAGS :

Next Story