Quantcast

മമതയുടെ ഈ അവസ്ഥ ഇന്ദിരാ ഗാന്ധി നേരിട്ടത് രണ്ട് തവണ! ; 'അയൺ ലേഡി' തിരിച്ചുവന്നത് എങ്ങനെ?, ചരിത്രം ആവർത്തിക്കുമ്പോൾ

പാർട്ടിയുടെ പേരും ചിഹ്നവും വരെ മമതയ്ക്ക് നഷ്ടമായേക്കാമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. മമതയുടെ നേതൃത്വത്തിലുള്ളവർ കോൺഗ്രസുമായുള്ള ലയന ചർച്ചകളും സജീവമാണ്. ഒരു ജനകീയ നേതാവിന് സ്വന്തം പാർട്ടിക്ക് മേലുള്ള നിയന്ത്രണം നഷ്ടമാകുന്ന ഈ കാഴ്ച ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയതല്ല. ഇവിടെ ചരിത്രം ആവർത്തിക്കുകയാണ്

MediaOne Logo
മമതയുടെ ഈ അവസ്ഥ ഇന്ദിരാ ഗാന്ധി നേരിട്ടത് രണ്ട് തവണ! ; അയൺ ലേഡി തിരിച്ചുവന്നത് എങ്ങനെ?, ചരിത്രം ആവർത്തിക്കുമ്പോൾ
X

ന്യൂഡൽഹി: തൃണമൂൽ കോൺ​ഗ്രസിൽ മമത ബാനർജിക്കുള്ള സ്വാധീനം ദിനം പ്രതി കുറയുന്ന വാർത്തകളാണ് പുറത്തുവരുന്നത്. 80 ൽ 64 എംഎൽഎമാരുടെ പിന്തുണയുമായി ഋതബ്രത ബാനർജിയും പാർലമെന്റിൽ കാകൊളി ഘോഷ് ദസ്തിദാറും മമതയ്‌ക്കെതിരെ കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു. പാർട്ടിയുടെ പേരും ചിഹ്നവും വരെ മമതയ്ക്ക് നഷ്ടമായേക്കാമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. മമതയുടെ നേതൃത്വത്തിലുള്ളവർ കോൺഗ്രസുമായുള്ള ലയന ചർച്ചകളും സജീവമാണ്. ഒരു ജനകീയ നേതാവിന് സ്വന്തം പാർട്ടിക്ക് മേലുള്ള നിയന്ത്രണം നഷ്ടമാകുന്ന ഈ കാഴ്ച ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയതല്ല. ഇവിടെ ചരിത്രം ആവർത്തിക്കുകയാണ്.

പതിറ്റാണ്ടുകൾക്ക് മുൻപ് സമാനമായ രണ്ട് വലിയ പ്രതിസന്ധികളെ രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അതിജീവിച്ചിട്ടുണ്ട്. സ്വന്തം പാർട്ടിയുടെ സമുന്നത നേതാക്കൾ ഒന്നിച്ച് പുറത്താക്കിയിട്ടും രണ്ട് തവണയും ഇന്ദിര കൂടുതൽ കരുത്തോടെ രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളിലേക്ക് തിരിച്ചെത്തി. "ദുഃഖം ഒരു വൃത്തം പോലെയാണ് വരുന്നത്, അതിനെ ഒരു പായ പോലെ ചുരുട്ടിവെക്കാൻ കഴിയില്ല." 1977-ലെ തെരഞ്ഞെടുപ്പ് തകർ‌ച്ചക്ക് ശേഷം വിശ്വസ്തർ പോലും കൈവിട്ടപ്പോൾ ഇന്ദിരാ ഗാന്ധി തന്റെ ആത്മകഥ എഴുത്തുകാരനായ പുപുൽ ജയകറിനോട് പറഞ്ഞ വാക്കുകളാണിത്.

1966-ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമാണ് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയാകുന്നത്. മൊറാർജി ദേശായിയെപ്പോലെയുള്ള മുതിർന്ന നേതാക്കളെ വെട്ടിമാറ്റി, കെ. കാമരാജ്, എസ്. നിജലിംഗപ്പ, അതുല്യ ഘോഷ്, ബിജു പട്നായിക് തുടങ്ങിയ പ്രാദേശിക നേതാക്കൻമാരുടെ കൂട്ടായ്മയായ 'സിൻഡിക്കേറ്റ്' ഇന്ദിരയെ പിന്തുണച്ചത് തങ്ങൾക്ക് ചൊൽപടിയിൽ നിർത്താൻ കഴിയുന്ന ഒരു 'ഗൂംഗി ഗുഡിയ' (മിണ്ടാപ്പെണ്ണ്) ആയിരിക്കും എന്ന ധാരണയിലാണ്. എന്നാൽ അധികം വൈകാതെ തങ്ങളുടെ വിലയിരുത്തൽ അമ്പേ പാളിയെന്ന് സിൻഡിക്കേറ്റിന് മനസിലായി.

1969-ൽ അന്നത്തെ രാഷ്ട്രപതി സക്കീർ ഹുസൈന്റെ മരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. സിൻഡിക്കേറ്റ് ഔദ്യോഗിക കോൺഗ്രസ് സ്ഥാനാർത്ഥിയായി നീലം സഞ്ജീവ റെഡ്ഡിയെ പ്രഖ്യാപിച്ചപ്പോൾ, ഇന്ദിര വൈസ് പ്രസിഡന്റ് വി.വി ഗിരിയെ സ്വതന്ത്രനായി രംഗത്തിറക്കി. എംപിമാരോടും എംഎൽഎമാരോടും സ്വന്തം 'വിവേകവോട്ട്' (Conscience Vote) രേഖപ്പെടുത്താൻ ഇന്ദിര ആഹ്വാനം ചെയ്തു. വി.വി ഗിരി വിജയിച്ചതോടെ സിൻഡിക്കേറ്റിന്റെ അപ്രമാദിത്വം തകർന്നു. തുടർന്ന് 1969 നവംബറിൽ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രസിഡന്റ് എസ്. നിജലിംഗപ്പ ഇന്ദിരാ ഗാന്ധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതോടെ കോൺഗ്രസ് രണ്ടായി പിളർന്നു.

ഇന്ദിര ജയിച്ചത് എങ്ങനെ?

പാർട്ടി യന്ത്രവും പരിചയസമ്പന്നരായ നേതാക്കളും സിൻഡിക്കേറ്റിനൊപ്പമായിരുന്നിട്ടും ഇന്ദിര ജനങ്ങളിലേക്ക് നേരിട്ടിറങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ഡിഎംകെയുടെയും പിന്തുണയോടെ ഭരണം നിലനിർത്തിയ അവർ, 14 പ്രമുഖ ബാങ്കുകൾ ദേശസാൽക്കരിച്ചുകൊണ്ട് സോഷ്യലിസ്റ്റ് നിലപാട് സ്വീകരിച്ചു. 1971-ലെ ലോകസഭാ തെരഞ്ഞെടുപ്പിനെ താനും സിൻഡിക്കേറ്റും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാക്കി അവർ മാറ്റി. അവരുടെ 'ഗരീബി ഹഠാവോ' (ദാരിദ്ര്യം തുടച്ചുനീക്കുക) എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തതോടെ ഇന്ദിര വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നു.

രണ്ടാം വട്ടം ഇത്തരത്തിലൊരു സാഹചര്യം ഇന്ദിര അഭിമുഖീകരിക്കുന്നത് അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ്. ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തിലേയും ഇന്ത്യൻ ജനാധപത്യ ചരിത്രത്തിലേയും ഏറ്റവും കറുത്ത അധ്യായമായിരുന്നു 1975-ലെ അടിയന്തരാവസ്ഥ. ഇതിന് പിന്നാലെ 1977-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ജനതാ പാർട്ടി അധികാരത്തിൽ വന്നു. ഇന്ദിരയുടെ രാഷ്ട്രീയ ഭാവി അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയത്. കോൺഗ്രസ് നേതൃത്വം (ബ്രഹ്മാനന്ദ റെഡ്ഡിയുടെ നേതൃത്വത്തിൽ) അവരെ പൂർണ്ണമായി ഒറ്റപ്പെടുത്തി. പാർട്ടി നേതൃത്വം കൈവിട്ടിട്ടും ഇന്ദിര ജനങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. ബിഹാറിലെ ബെൽച്ചിയിൽ ദലിതർക്കെതിരെ കടുത്ത ജാതി അക്രമം ഉണ്ടായപ്പോൾ കനത്ത പ്രളയത്തെപ്പോലും വകവെക്കാതെ ഇന്ദിര ആനപ്പുറത്ത് കയറി ഇരകളെ സന്ദർശിക്കാൻ എത്തി. ഈ പോരാട്ട വീര്യം രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കിടയിൽ അവരുടെ ഇമേജ് വീണ്ടെടുത്തു. ഇന്ദിരയില്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ലെന്ന് പാർട്ടി പ്രവർത്തകർ തിരിച്ചറിഞ്ഞു.

1978-ലെ രണ്ടാമത്തെ പുറത്താക്കൽ-

1978 ജനുവരിയിൽ ന്യൂഡൽഹിയിൽ വെച്ച് ഇന്ദിരയുടെ വിശ്വസ്തർ ഒരു ദേശീയ കൺവെൻഷൻ വിളിച്ചുചേർക്കുകയും ഇന്ദിരയെ കോൺഗ്രസ് പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് മറുപടിയായി ബ്രഹ്മാനന്ദ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം ഇന്ദിരയെ വീണ്ടും പുറത്താക്കി. ഇതോടെ കോൺഗ്രസ് (ഐ) രൂപീകൃതമായി. വെറും 54 എംപിമാരാണ് അന്ന് ഇന്ദിരയ്ക്കൊപ്പം പോയത്. പക്ഷേ, ജനപിന്തുണയുടെ ബലത്തിൽ വെറും രണ്ട് വർഷത്തിനുള്ളിൽ, ഇന്ദിരാ ഗാന്ധി വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വൻ തിരിച്ചുവരവ് നടത്തി. ഔദ്യോഗിക കോൺഗ്രസ് ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കപ്പെടുകയും ഇന്ദിരയുടെ കോൺഗ്രസ് പ്രധാന പാർട്ടിയാവുകയും ചെയ്തു.

മമതയും ഇന്ദിരയും: സമാനതകളും പരിമിതികളും

ചരിത്രം കാണിച്ചുതരുന്നത് ഒരു മാസ് ലീഡർക്ക് പാർട്ടി സംഘടന നഷ്ടമായാലും ജനങ്ങൾ കൂടെയുണ്ടെങ്കിൽ തിരിച്ചുവരാൻ കഴിയുമെന്നാണ്. എന്നാൽ, ഇന്ദിരയും മമതയും രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലാണ് പ്രവർത്തിച്ചത്. അന്ന് ഇന്ദിരയ്ക്ക് രാജവ്യാപകമായി സ്വാധീനവും അണികളും ഉണ്ടായിരുന്നു. മമതയുടെ സ്വാധീനം ബംഗാളിൽ മാത്രമാണ്. വരും ദിവസങ്ങളിൽ മമത ബാനർജി ഈ 'ഇന്ദിരാ മോഡൽ' തന്ത്രങ്ങൾ പയറ്റി ജനങ്ങളിലേക്ക് നേരിട്ടിറങ്ങുമോ അതോ കോൺഗ്രസിൽ ലയിക്കുമോ എന്നാണ് രാഷ്ട്രീയ വിദഗ്ധർ നോക്കുന്നത്.

TAGS :

Next Story