പോക്സോ കേസ്: HRDS സ്ഥാപക ചെയർമാൻ അജി കൃഷ്ണൻ കസ്റ്റഡിയിൽ
തന്റെ പ്രായപൂർത്തിയാകാത്ത മകളെ അജി കൃഷ്ണൻ പീഡിപ്പിച്ചുവെന്ന മുൻ ജീവനക്കാരന്റെ പരാതിയിലാണ് നടപടി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എച്ച്ആർഡിഎസ് (HRDS) ഇന്ത്യ സ്ഥാപക ചെയർമാൻ അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിന്റെ നടപടി. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.
തന്റെ 11 വയസുള്ള മകളെ അജി കൃഷ്ണൻ പീഡിപ്പിച്ചുവെന്നാണ് മുൻ ജീവനക്കാരന്റെ പരാതിയിൽ പറയുന്നത്. 2024ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ കുട്ടിയുടെ രഹസ്യമൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഇതിനുശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്തിമ തീരുമാനമെടുക്കുക.
നിലവിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരുടെയും പേര് പ്രതിപ്പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടില്ല. പരാതിയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, അജി കൃഷ്ണനെതിരായ ആരോപണങ്ങൾ പൂർണമായും വ്യാജമാണെന്നും എച്ച്ആർഡിഎസിനെ തകർക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും സംഘടന പ്രതികരിച്ചു. പരാതി നൽകിയ ജീവനക്കാരനെതിരെ മുൻപ് നിരന്തരം പരാതികൾ ലഭിച്ചതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇയാൾക്കെതിരെ മറ്റ് നിരവധി ആരോപണങ്ങളുണ്ടെന്നും സ്ഥാപനത്തിൽ നടത്തിയ ക്രമവിരുദ്ധമായ നടപടികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. സ്ഥാപനത്തിന്റെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവം കെട്ടിച്ചമച്ച പരാതിയാണിതെന്നാണ് എച്ച്ആർഡിഎസിന്റെ വിശദീകരണം.
Adjust Story Font
16

