Quantcast

തൃണമൂല്‍ തോറ്റിട്ടില്ല, മുഖ്യമന്ത്രി പദം രാജിവെക്കില്ല : മമതാ ബാനര്‍ജി

'തൃണമൂലിൻ്റെ യഥാര്‍ഥ എതിരാളി ബിജെപി ആയിരുന്നില്ല, തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു'

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-05-05 14:52:39.0

Published:

5 May 2026 5:04 PM IST

I Wont Resign Mamata Banerjee
X

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോറ്റിട്ടില്ലെന്നും ഇപ്പോള്‍ വന്ന ഫലം തെരഞ്ഞെടുപ്പ് പ്രക്രിയയെ കൊള്ളയടിച്ച് നേടിയതാണെന്നും മമത ആരോപിച്ചു.

'ഞാന്‍ തോറ്റിട്ടില്ല. അതിനാല്‍ രാജ്ഭവനില്‍ പോയി രാജി നല്‍കാന്‍ തയാറല്ല. ഇങ്ങനെയല്ല ജനാധിപത്യ പ്രക്രിയ പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍വിധിയോടെ ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഒരു തെറ്റായ സന്ദേശമാണ് ഇത് ലോകത്തിന് നല്‍കുന്നത്. വൃത്തികെട്ട കളികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളിച്ചത്. തൃണമൂലിന്റെ യഥാര്‍ഥ എതിരാളി ബിജെപി ആയിരുന്നില്ല, തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു' -മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിഹാറിലും ഇങ്ങനെയാണ് അവര്‍ തെരഞ്ഞെടുപ്പ് കൊള്ള നടത്തി ഭരണം പിടിച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനെയും ബിജെപിയെയും വിമര്‍ശിച്ച് മമത പറഞ്ഞു. ഇത്തവണ ബംഗാളിലും അത് സംഭവിച്ചിരിക്കുകയാണ്. തന്നെ പോളിങ് ബൂത്തില്‍ വെച്ച് ആക്രമിച്ചെന്നും മമത ആരോപിച്ചു. വയറിലും പുറത്തും ചവിട്ടേറ്റു. സിസിടിവി ഓഫായിരുന്നു. കൗണ്ടിങ് സ്റ്റേഷന് പുറത്തേക്ക് തള്ളിയിറക്കി. ഒരു സ്ത്രീ എന്ന നിലയില്‍ എന്നോട് മോശമായി പെരുമാറി. കേന്ദ്ര സേനകള്‍ക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ? എനിക്ക് ഒന്നും പറയാനില്ല. കേന്ദ്രത്തില്‍ മുന്‍പും ബിജെപി സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ല -മമത പറഞ്ഞു.

ബംഗാളിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണം തൃണമൂല്‍ നിരന്തരം ഉയര്‍ത്തുകയാണ്. കമ്മീഷനെതിരെ തുടക്കം മുതല്‍ക്കേ മമത ആരോപണം ഉന്നിയിച്ചിരുന്നു. കനത്ത തിരിച്ചടിയാണ് ഇക്കുറി തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ടത്. 15 വര്‍ഷം നീണ്ട തൃണമൂല്‍ ഭരണത്തിന് അവസാനം കുറിച്ചാണ് ബിജെപി വന്‍ വിജയം നേടിയത്. 293 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 207 സീറ്റ് നേടി ഒറ്റക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി. 80 സീറ്റില്‍ ജയിക്കാന്‍ മാത്രമേ തൃണമൂലിന് സാധിച്ചുള്ളൂ. 2021ല്‍ 216 സീറ്റില്‍ ജയിച്ച സ്ഥാനത്താണിത്. സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ മമത തോറ്റത് പാര്‍ട്ടിക്ക് ഇരുട്ടടിയായി. മുന്‍ സഹപ്രവര്‍ത്തകനും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സുവേന്ദു അധികാരിയാണ് മമതയെ തോല്‍പ്പിച്ചത്.

TAGS :

Next Story