Quantcast

മുസ്‌ലിംകളെ കൂടുതൽ ഭീതിയിലേക്കും നിശബ്ദതയിലേക്കും തള്ളിവിട്ട് ഷാംലിയിലെ ലവ് ജിഹാദ് അറസ്റ്റ്

സാധാരണ മുസ്‌ലിം പുരുഷൻമാർക്കെതിരെ ഉയരാറുള്ള ലവ് ജിഹാദ് ആരോപണത്തിൽ ഒരു മുസ്‌ലിം സ്ത്രീ അറസ്റ്റിലായ കേസാണ് ഷാംലിയിലേത്‌

MediaOne Logo
മുസ്‌ലിംകളെ കൂടുതൽ ഭീതിയിലേക്കും നിശബ്ദതയിലേക്കും തള്ളിവിട്ട് ഷാംലിയിലെ ലവ് ജിഹാദ് അറസ്റ്റ്
X

ഷാംലി (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലുള്ള ഭാരത് മെഡിക്കൽ സ്റ്റോറിന് മുന്നിലെ റോഡിൽ പതിവ് തിരക്കുകളും ബഹളങ്ങളും തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ അവിടെ ഒത്തുകൂടുന്നവരിൽ ഭൂരിഭാഗവും ജൂൺ ആദ്യവാരത്തിൽ പുറത്തുവന്ന ആ ഞെട്ടിക്കുന്ന വാർത്തയെക്കുറിച്ചാണ് പരസ്പരം രഹസ്യം പറയുന്നത്. മാലിക് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ മെഡിക്കൽ സ്റ്റോർ. അവരുടെ വീടിന് താഴെയുള്ള കട ഒരാഴ്ചയിലധികമായി അടഞ്ഞുകിടക്കുകയാണ്. ആളൊഴിഞ്ഞു കിടക്കുന്ന ആ വീടിന് നേരെ വിരൽ ചൂണ്ടി, വഴിയാത്രക്കാർ ആയുഷ് മാലിക് എന്ന 27-കാരനെക്കുറിച്ച് പരസ്പരം പലതും പറയുന്നുണ്ട്.

ആരോപണങ്ങളും അറസ്റ്റും

ഷാംലിയിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമായ ആയുഷ് മാലിക് എന്ന ഹിന്ദു യുവാവ് നിർബന്ധിത മതപരിവർത്തനത്തിന് വിധേയനായെന്ന് തീവ്ര ഹിന്ദുത്വ സംഘടനയായ സാധനാ ആശ്രമത്തിന്റെ തലവൻ സ്വാമി യശവീർ മഹാരാജ് ആരോപണമുന്നയിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടങ്ങിയത്. ആയുഷിന്റെ ഭാര്യ ചാന്ദ്‌നി ഖുറേഷിയും അവളുടെ പിതാവ് ഇസ്‌ലാം ഖുറേഷിയും ചേർന്ന് ആയുഷിനെ ബ്രെയിൻവാഷ് ചെയ്തതാണെന്നാണ് സ്വാമി ആരോപിച്ചത്. ജൂൺ 12-നകം നടപടിയെടുത്തില്ലെങ്കിൽ ഹിന്ദു മഹാപഞ്ചായത്ത് വിളിച്ചുകൂട്ടുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെ, ജൂൺ ആറിന് ആയുഷിന്റെ പിതാവ് ദേവരാജ് മാലിക് ഷാംലി കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം (2021), ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) എന്നിവ പ്രകാരം ചാന്ദ്‌നിയുടെ കുടുംബത്തിലെ ഒമ്പത് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രണയം നടിച്ച് മകനെ വലയിലാക്കിയെന്നും, വ്യാജ നിക്കാഹ് നാമ (വിവാഹ കരാർ) ഉണ്ടാക്കി ഇസ്‌ലാം മതത്തിലേക്ക് മാറാൻ മാനസിക സമ്മർദം ചെലുത്തിയെന്നുമാണ് എഫ്‌ഐആറിലെ ആരോപണം.

ഭാര്യയും ഭാര്യാപിതാവും അറസ്റ്റിലായതോടെ, ഒളിച്ചോടാനോ മിണ്ടാതിരിക്കാനോ ആയുഷ് തയ്യാറായില്ല. മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ആയുഷ്, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് ഉറപ്പിച്ചു പറഞ്ഞു. ചാനൽ അവതാരകർ പരിഹസിക്കാൻ ശ്രമിച്ചപ്പോഴും ആയുഷ് കുലുങ്ങിയില്ല. താൻ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി സ്വമേധയാ ആണ് ഈ മതം പിന്തുടരുന്നത് എന്നും ആയുഷ് വ്യക്തമാക്കി.

അതേസമയം വിവാഹത്തിന് വേണ്ടിയാണ് മകനെ നിർബന്ധിച്ച് മതം മാറ്റിയതെന്നാണ് ആയുഷിന്റെ പിതാവ് ദേവരാജ് മാലിക്ക്് പറയുന്നത്. മകന്റെ ഭാവിയെക്കുറിച്ച് ഓർത്ത് ഈ 66-കാരൻ കടുത്ത ആശങ്കയിലാണ്. മകൻ സംസാരിക്കുന്ന വീഡിയോകൾ കണ്ടപ്പോൾ, ആരോ അവനെ ഇത് പഠിപ്പിച്ചു വിട്ടതാണെന്നാണ് ദേവരാജിന് തോന്നുന്നത്.

ഇന്ത്യയിൽ മതപരിവർത്തനം വിവാദമാകുന്നത് ഇതാദ്യമല്ലെങ്കിലും, ഇതിനോടുള്ള പൊതുസമൂഹത്തിന്റെ ഇരട്ടത്താപ്പ് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നുണ്ട്. 2021-ൽ മുൻ യുപി ഷിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി ഇസ്‌ലാം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചപ്പോൾ (ജിതേന്ദ്ര നാരായൺ സിങ് ത്യാഗി) അത് വലിയ ആഘോഷമായാണ് മാധ്യമങ്ങളും അധികാരികളും കൈകാര്യം ചെയ്തത്. എന്നാൽ, താൻ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് ആയുഷ് ആവർത്തിച്ചു പറഞ്ഞിട്ടും ഇവിടെ കേസും അറസ്റ്റുമുണ്ടായി. കേരളത്തിലെ ഹാദിയ കേസിനെ ഓർമിപ്പിക്കുന്നതാണ് ഈ സംഭവം.

സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം, ആയുഷ് വൈകാതെ തന്നെ 'സനാതന ധർമത്തിലേക്ക്' മടങ്ങിവരുമെന്നും അതോടൊപ്പം ഷാംലിയിലെയും കൈരാനയിലെയും നൂറോളം മുസ്‌ലിംകൾ ഹിന്ദു മതം സ്വീകരിക്കുമെന്നും സ്വാമി യശവീർ മഹാരാജ് വീണ്ടും പ്രസ്താവന നടത്തി. തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ മുമ്പും വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് ഇദ്ദേഹം.

ആയുഷ് ഹിന്ദു മതത്തിലേക്ക് മടങ്ങിവരുന്നതിലൂടെ മാത്രമേ പ്രദേശത്തെ സംഘർഷാവസ്ഥയ്ക്ക് പരിഹാരമാകൂ എന്നാണ് അവിടുത്തെ ഒരു വിഭാഗം ഹിന്ദുക്കൾ കരുതുന്നത്. എന്നാൽ ഈ സംഭവത്തോടെ ഷാംലിയിലെ മുസ്‌ലിംകൾ കടുത്ത ഭീതിയിലാണ്. പേര് വെളിപ്പെടുത്താൻ പോലും അവർ ഭയപ്പെടുന്നു.

''ഞങ്ങളുടെ കടകളിൽ വന്നിരുന്ന ഹിന്ദു ഉപഭോക്താക്കൾ ഇപ്പോൾ നിശബ്ദമായി വരാതെയായി. ആരും ഔദ്യോഗികമായി ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടില്ല, പക്ഷേ പെരുമാറ്റത്തിലെ മാറ്റം ഞങ്ങൾക്ക് മനസ്സിലാകും. വീണ്ടുമൊരു കലാപം ഉണ്ടാകാതിരിക്കാൻ ഞങ്ങൾ മിണ്ടാതിരിക്കുകയാണ്''- പ്രദേശത്തെ ഒരു മുസ്‌ലിം കച്ചവടക്കാരൻ പറഞ്ഞു.

അതേസമയം, ഇതൊരു കുടുംബ പ്രശ്‌നം മാത്രമാണെന്നും മാധ്യമങ്ങൾ ഇതിനെ അനാവശ്യമായി വർഗീയവൽക്കരിക്കുകയാണെന്നുമാണ് ഷാംലി പൊലീസ് സൂപ്രണ്ട് എൻ.പി സിങ് പറയുന്നത്. എങ്കിലും പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. മുസ്‌ലിം പുരുഷന്മാർ സാധാരണയായി നേരിടാറുള്ള 'ലവ് ജിഹാദ്' ആരോപണത്തിൽ, ഇന്ത്യയിൽ ആദ്യമായി ഒരു മുസ്‌ലിം സ്ത്രീ പ്രതിചേർക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ഷാംലിയിലെ ജനങ്ങൾ.

TAGS :

Next Story