Quantcast

ഇന്ത്യാ-പാക് സംഘര്‍ഷം; ട്രംപിന്‍റെ അവകാശവാദം തള്ളി മോദി, മധ്യസ്ഥത സ്വീകരിക്കില്ലെന്നും പ്രധാനമന്ത്രി

വിഷയത്തിൽ പൂർണമായ രാഷ്ട്രീയ സമവായമുണ്ടെന്നും ട്രംപിനോട് പ്രധാനമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    18 Jun 2025 10:23 AM IST

PM Modi-Trump
X

ഡൽഹി: ഇന്ത്യാ-പാക് സംഘർഷം അവസാനിപ്പിക്കുന്നതിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദത്തെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യസ്ഥത സ്വീകരിക്കില്ലെന്നും വിഷയത്തിൽ പൂർണമായ രാഷ്ട്രീയ സമവായമുണ്ടെന്നും ട്രംപിനോട് പ്രധാനമന്ത്രി പറഞ്ഞു.

മോദിയും ട്രംപും 35 മിനിറ്റ് സമയം ഫോണിൽ സംസാരിച്ചു. ഇസ്രായേൽ- ഇറാൻ സംഘർഷത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. അടുത്ത ക്വാഡ് യോഗത്തിൽ പങ്കെടുക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം ട്രംപ് സ്വീകരിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. കാനഡയിൽനിന്ന് മടങ്ങുമ്പോൾ അമേരിക്കൻ സന്ദർശനം സാധ്യമാകുമോ എന്ന് ട്രംപ് മോദിയോട് ചോദിച്ചു. എന്നാൽ നേരത്തെ തീരുമാനിച്ച പരിപാടികൾ ഉണ്ടെന്ന അസൗകര്യം ട്രംപിനെ മോദി അറിയിച്ചു.

ഇന്ത്യ–പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്കായി ഇടപെട്ടെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം. പഹല്‍ഗാം ഭീകരാക്രമണത്തെ ചൊല്ലി ഉടലെടുത്ത രൂക്ഷമായ സംഘര്‍ഷം പരിഹരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം. 'ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ്, നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെയും പാകിസ്താന്‍റെയും കരുത്തരായ നേതാക്കള്‍ എടുത്ത തീരുമാനത്തിലും പരസ്പരധാരണയിലും തനിക്ക് അഭിമാനമുണ്ട്. നിരപരധികള്‍ നിരവധി കൊല്ലപ്പെട്ടേനെ. നിങ്ങളുടെ ശക്തമായ തീരുമാനങ്ങളിലൂടെയാണ് പെരുമ ഉയരുന്നത്. ചരിത്രപരവും ധീരവുമായ ഈ തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ ഇരുരാജ്യങ്ങളെയും സഹായിക്കാനായതില്‍ അമേരിക്കയ്ക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും യുഎസ് ആഗ്രഹിക്കുന്നു. ചിരകാലപ്പഴക്കമുള്ള കശ്മീര്‍ പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാനും വേണമെങ്കില്‍ ഇടപെടാം' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. എന്നാൽ അവകാശവാദങ്ങളെ ഇന്ത്യ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

TAGS :

Next Story