'വെറും ഊഹങ്ങള്‍ മാത്രം'; അഹമ്മദാബാദ് വിമാനാപകടത്തിലെ ഇറ്റാലിയന്‍ മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ
അപകടത്തെ കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂവെന്നും അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പറഞ്ഞു

- Published:
12 Feb 2026 10:57 PM IST

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം അപകടത്തില്‍പ്പെട്ടത് വിമാനത്തിലെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റ് മനഃപൂര്‍വം ഓഫാക്കിയതുകൊണ്ടാണെന്ന ഇറ്റാലിയന്‍ മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ട് തെറ്റുകള്‍ നിറഞ്ഞ ഊഹാപോഹം മാത്രമാണെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പ്രതികരിച്ചു. അപകടത്തെ കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂവെന്നും അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
എല്ലാ ചട്ടങ്ങളും അനുസരിച്ചുകൊണ്ടും വിമാനാപകടങ്ങളില്‍ സ്വീകരിക്കേണ്ട അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് എഎഐബി പറഞ്ഞു. ഇത്തരം അന്വേഷണങ്ങള്‍ സാങ്കേതികവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുകയും വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുകയുമാണ് അന്വേഷണത്തിന്റെ ലക്ഷ്യം. അല്ലാതെ തിടുക്കത്തില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുകയല്ല. പ്രാഥമിക ഘട്ടത്തില്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് ആ ഘട്ടത്തില്‍ ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി മാത്രമുള്ളതാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ യഥാര്‍ഥ കാരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള അന്തിമ റിപ്പോര്‍ട്ട് പുറത്തുവരൂവെന്നും എഎഐബി പറഞ്ഞു.
ഇറ്റാലിയന്‍ പത്രമായ കൊറിയര്‍ ഡെല്ല സെറയാണ് ഇന്ധന സ്വിച്ചുകള്‍ പൈലറ്റ് മനഃപൂര്‍വം ഓഫാക്കിയതാണെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന അന്തിമ റിപ്പോര്‍ട്ട് ഇത്തരത്തിലാണെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കോക്പിറ്റിലെ വോയ്സ് റെക്കോര്‍ഡറുകള്‍ പരിശോധിച്ചതില്‍ നിന്നും, രണ്ട് എന്‍ജിനുകളും നിശ്ചലമാക്കുന്ന രീതിയില്‍ ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് പൈലറ്റാണെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന്റെ കമാന്‍ഡര്‍ ആയിരുന്ന സുമീത് സബര്‍വാളിനു നേരെയാണ് അന്വേഷണ സംഘം വിരല്‍ ചൂണ്ടുന്നതെന്നും ഇവര്‍ പറയുന്നു. സുമീത് സബര്‍വാള്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. പൈലറ്റ് അസോസിയേഷനുകളും സബര്‍വാളിന്റെ കുടുംബവും ഈ ആരോപണങ്ങള്‍ തള്ളിയിട്ടുണ്ട്. വിമാന നിര്‍മാതാക്കളെയും എയര്‍ലൈനിനെയും രക്ഷിക്കാനുള്ള ശ്രമമാണിതെന്നാണ് അവര്‍ ആരോപിച്ചത്.
ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമായ എഐ 171, കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നു. 260 പേരാണ് അപകടത്തില്‍ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും, വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 19 പേരുമാണ് മരിച്ചത്.
Adjust Story Font
16
