' എന്‍റെ ഉപദേശപ്രകാരം ട്രംപിനായി മോദി ഇസ്രായേലിൽ പോയി '; എപ്സ്റ്റീൻ ഫയൽസിൽ മോദിയുടെ പേരും
പ്രധാനമന്ത്രി എന്തിന് ഉപദേശം കേട്ടെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്തെത്തി

ഡൽഹി: എപ്സ്റ്റീൻ ഫയൽസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും. മോദി തന്‍റെ ഉപദേശം സ്വീകരിച്ചെന്ന് പരാമർശം . ട്രംപിനായി മോദി ഇസ്രായേലിൽ പോയി. തന്‍റെ ഉപദേശപ്രകാരം മോദി പ്രവർത്തിച്ചെന്നും അതുകൊണ്ട് ഗുണം ഉണ്ടായെന്നും പരാമർശം. പ്രധാനമന്ത്രി എന്തിന് ഉപദേശം കേട്ടെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്തെത്തി. എന്നാൽ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളി.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ രേഖകൾ ഇന്നലെ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. മൂന്ന് ദശലക്ഷം പേജുകളും 1.8 ലക്ഷം ചിത്രങ്ങളും 2,000 വീഡിയോകളുമടങ്ങിയ രേഖകൾ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്.
നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌ത എപ്സ്റ്റീൻ 2006-ലാണ് അറസ്റ്റിലായത്. 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വിചാരണ കാത്തിരിക്കുന്നതിനിടെ 2019 ൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ കറക്ഷണൽ സെന്‍ററിലെ തന്‍റെ സെല്ലിൽ എപ്സ്റ്റീൻ ആത്മഹത്യ ചെയ്തു. കേസിൽ ഉൾപ്പെട്ട എപ്സ്റ്റീന്‍റെ പെൺസുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വർഷം തടവിനും ശിക്ഷിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള അമേരിക്കയിലെ സമ്പന്നരും ശക്തരുമായ വ്യക്തികളുമായുള്ള എപ്‌സ്റ്റീന്‍റെ ബന്ധം കാരണം അദേഹത്തിന്‍റെ മരണം ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ഉറവിടമായി മാറിയിരുന്നു. ട്രംപ് ഭരണകൂടം എപ്സ്റ്റീൻ കേസ് കൈകാര്യം ചെയ്ത രീതി ആശങ്ക വർധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മാത്രമല്ല ട്രംപും സഖ്യകക്ഷികളും മുമ്പ് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചു കൊണ്ട് ജൂലൈയിൽ നീതിന്യായ വകുപ്പ് അന്വേഷണ ഫയലുകൾ പ്രസിദ്ധീകരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

