വീണ്ടും എണ്ണവില കുറച്ച് റഷ്യ; ഇന്ത്യക്കാർ ഇപ്പോഴും പെട്രോളും ഡീസലും വാങ്ങുന്നത് 106 ഉം 95 ഉം രൂപക്ക്; ലാഭം കമ്പനികൾക്ക് മാത്രം
2022-ൽ റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ റഷ്യൻ ക്രൂഡിന്റെ പ്രധാന ഇറക്കുമതിക്കാരായി മാറിയിരുന്നു

ന്യൂഡൽഹി: ആഗോള വിപണിയിൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ വില വീണ്ടും കുറഞ്ഞതായി റിപ്പോർട്ടുകൾ. ഇന്ത്യക്ക് മേലുള്ള യുഎസ് തീരുവയുടെ ആഘാതം തുടരുമ്പോൾ എണ്ണയുടെ വില ബാരലിന് 3 മുതൽ 4 ഡോളർ വരെ കുറച്ച് റഷ്യ. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് സെപ്റ്റംബർ അവസാനത്തിലും ഒക്ടോബർ മാസത്തിലും ലോഡ് ചെയ്യുന്ന ചരക്കുകൾക്ക് റഷ്യയുടെ യുറൽ ഗ്രേഡിന്റെ കുറഞ്ഞ വിലയിലാണ് ലഭ്യമാകുക. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി യുക്രൈൻ യുദ്ധത്തിന് ഇന്ധനം നൽകി എന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച ഇന്ത്യയുടെ തീരുവ 50 ശതമാനമായി ഇരട്ടിയാക്കിയിരുന്നു. 2022-ൽ റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ റഷ്യൻ ക്രൂഡിന്റെ പ്രധാന ഇറക്കുമതിക്കാരായി മാറിയിരുന്നു. അമേരിക്ക തീരുവ നടപടികൾ കടുപ്പിച്ചതിന് ശേഷം ഇന്ത്യ റഷ്യയും ചൈനയുമായും കൂടുതൽ വ്യപാര ബന്ധങ്ങൾക്കുള്ള ചർച്ചകൾ നടത്തുകയാണ്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവും ഇറക്കുമതിക്കാരനുമാണ് ഇന്ത്യ. 2021-ന് മുമ്പ് റഷ്യൻ എണ്ണ ഇന്ത്യയുടെ ഇറക്കുമതിയിൽ 1% പോലും ഇല്ലായിരുന്നെങ്കിൽ 2025-ൽ ഇത് 35-40% ആയി ഉയർന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 87.4 ദശലക്ഷം ടൺ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു. ഇത് മൊത്തം ഇറക്കുമതിയുടെ 36% വരും. ഈ വിലക്കുറവ് ഇന്ത്യൻ റിഫൈനറികൾക്ക് വൻ ലാഭം നേടിക്കൊടുത്തു. 2022-23 കാലയളവിൽ റഷ്യൻ എണ്ണയുടെ വിലക്കുറവ് മൂലം ഇന്ത്യ 13 ബില്യൺ ഡോളർ ലാഭിച്ചതായി ഐസിആർഎ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ ലാഭം സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല. 2025 സെപ്റ്റംബർ 2-ന് മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 103.50 രൂപയും ഡീസലിന് 95 രൂപയോട് അടുത്തും തുടരുന്നു. കേരളത്തിൽ പെട്രോളിന് ഏകദേശ വില 106 ഉം ഡീസലിന് 95 ഉം ആണ്. ആഗോള ക്രൂഡ് ഓയിൽ വില 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും ഇന്ത്യയിൽ സാധനക്കാരന്റെ ഇന്ധന വില സ്ഥിരമായി തുടരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റഷ്യൻ എണ്ണയുടെ വിലക്കുറവ് റിലയൻസ് ഇൻഡസ്ട്രീസ്, നയാറ എനർജി തുടങ്ങിയ സ്വകാര്യ റിഫൈനറികൾക്ക് വൻ ലാഭമാണ് നേടിക്കൊടുത്തത്. 2025-ൽ റിലയൻസിന്റെ ജാംനഗർ റിഫൈനറി റഷ്യൻ എണ്ണ ഇറക്കുമതി 50% വരെ ഉയർത്തി. 2021-ൽ ഇത് 3% ആയിരുന്നു. ഈ എണ്ണ ഉപയോഗിച്ച് ഡീസൽ, പെട്രോൾ തുടങ്ങിയവ യൂറോപ്പിലേക്കും മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്ത് കോടിക്കണക്കിന് ഡോളർ ലാഭം നേടുന്നു. 2022-ന് ശേഷം ഇന്ത്യൻ റിഫൈനറികൾ 16 ബില്യൺ ഡോളർ അധിക ലാഭം നേടിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആരോപിച്ചു. എന്നാൽ ഈ ലാഭം പെട്രോൾ പമ്പുകളിൽ പ്രതിഫലിക്കുന്നില്ല. 'റഷ്യൻ എണ്ണയുടെ വിലക്കുറവ് റിഫൈനറികളുടെ ലാഭമാർജിനിൽ (Gross Refining Margin) 1.5-2.5 ഡോളർ വർധനവ് വരുത്തുന്നുണ്ട്.' ബിപിസിഎലിന്റെ മുൻ ഡയറക്ടർ ആർ. രാമചന്ദ്രൻ പറഞ്ഞു. എന്നിട്ടും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ കമ്പനികൾ വില കുറക്കാൻ മടിക്കുന്നു.
Adjust Story Font
16

