Quantcast

ട്രെയിൻ വൈകിയതിന് റെയിൽവെക്ക് പിഴയിട്ടത് 55,000 രൂപ, യാത്രക്കാരന് ലഭിച്ചത് 1.3 ലക്ഷം രൂപ,സംഭവം ഇങ്ങനെ...

വൈകുന്ന ഓരോ ട്രെയിനിനും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ തുടങ്ങിയാൽ റെയിൽവേ പാപ്പരാകുമെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ പ്രതികരണം

MediaOne Logo
ട്രെയിൻ വൈകിയതിന് റെയിൽവെക്ക് പിഴയിട്ടത് 55,000 രൂപ, യാത്രക്കാരന് ലഭിച്ചത് 1.3 ലക്ഷം രൂപ,സംഭവം ഇങ്ങനെ...
X

ai generated images

ഭുവനേശ്വർ: ട്രെയിൻ വൈകിയത് മൂലം യാത്രക്കാരന് വിമാനം നഷ്ടമായ സംഭവത്തിൽ ഇന്ത്യൻ റെയിൽവേയ്ക്ക് കനത്ത തിരിച്ചടി. ഒഡിഷയിലെ ബലാംഗീർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, പരാതിക്കാരനായ ചാന്ദി പ്രസാദ് ഖമാരിക്ക് 1.3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉത്തരവിട്ടു.

2024 ആഗസ്റ്റ് 23-നായിരുന്നു കേസിനാസ്പദമായ സംഭവം. ഝാർസുഗുഡയിൽ നിന്ന് ഹൗറയിലേക്കാണ് പോകാനാണ് ചാന്ദി പ്രസാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഹൗറയിൽ നിന്ന് രാവിലെ 8:05-ന് ഗുവാഹത്തിയിലേക്കുള്ള വിമാനത്തില്‍ പോകേണ്ടയാളായിരുന്നു ഇദ്ദേഹം. ട്രെയിൻ കൃത്യസമയത്ത് എത്തിയാൽ നാലു മണിക്കൂർ മുൻപേ വിമാനത്താവളത്തിൽ എത്താമെന്നായിരുന്നു യാത്രക്കാരന്‍റെ കണക്കുകൂട്ടൽ. എന്നാൽ ട്രെയിൻ രണ്ട് മണിക്കൂർ വൈകിയാണ് സ്റ്റേഷനിലെത്തിയത്. പോരാത്തതിന് ഹൗറയിലെത്തിയപ്പോള്‍ ഏഴു മണിക്കൂറോളം വൈകുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന് വിമാനം നഷ്ടമാവുകയും സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു.

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഖമാരി ബലാംഗീർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. റെയിൽവേ അധികൃതരിൽ നിന്ന് മറുപടി ലഭിക്കാൻ താൻ നടത്തിയ നിരവധി ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ട്രെയിനുകളുടെ കൃത്യനിഷ്ഠയ്ക്ക് റെയിൽവേ ഗ്യാരണ്ടി നൽകുന്നില്ലെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ, മതിയായ കാരണങ്ങളില്ലാതെ ട്രെയിൻ വൈകുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സുരക്ഷാ പരിശോധനകളോ അറ്റകുറ്റപ്പണികളോ ട്രെയിൻ വൈകുന്നതിന് ന്യായമായ കാരണമായി കാണാനാവില്ലെന്ന് സുപ്രിംകോടതി ഉത്തരവുകൾ ഉദ്ധരിച്ച് കമ്മീഷൻ വ്യക്തമാക്കി

ട്രെയിൻ ഗതാഗതത്തിലുണ്ടായ അമിതമായ കാലതാമസം പരാതിക്കാരന് വിമാനം നഷ്ടമാകുന്നതിനും വലിയ സാമ്പത്തിക നഷ്ടത്തിനും മാനസിക വിഷമത്തിനും കാരണമായെന്നും നിരീക്ഷിച്ച കമ്മീഷന്‍ റെയിൽവേ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

55,000 രൂപയിൽ നിന്ന് 1.3 ലക്ഷത്തിലേക്ക്

വിമാന ടിക്കറ്റ് നഷ്ടത്തിന് 20,000 രൂപയും, മാനസിക വിഷമത്തിന് 30,000 രൂപയും, കോടതി ചെലവുകൾക്കായി 5,000 രൂപയും ഖമാരിക്ക് നഷ്ടപരിഹാരമായി നൽകാൻ പാനൽ ആദ്യം റെയിൽവേയോട് നിർദ്ദേശിച്ചു. 30 ദിവസത്തിനുള്ളിൽ ഈ തുക നൽകണമെന്ന നിർദ്ദേശം പാലിക്കാൻ റെയിൽവേ തയ്യാറായില്ല. ഇതോടെ ഓരോ ദിവസത്തെ കാലതാമസത്തിനും 500 രൂപ വീതം പിഴ നൽകണമെന്ന് ഉത്തരവായി. ഏകദേശം 200-ലധികം ദിവസങ്ങൾ റെയിൽവേ ഈ ഉത്തരവ് അവഗണിച്ചു. ഇതോടെ പിഴത്തുക ഏകദേശം 1.3 ലക്ഷം രൂപയായി ഉയർന്നു. ഒടുവിൽ ഏപ്രിൽ 19-നാണ് യാത്രക്കാരന് ഈ തുക പൂർണമായും ലഭിച്ചത്.

യാത്രക്കാർ തങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യുന്നത് റെയിൽവേ കൃത്യസമയത്ത് സർവീസ് നടത്തുമെന്ന പ്രതീക്ഷയിലാണെന്നും, അതിനാൽ റെയിൽവേയെപ്പോലെയുള്ള പൊതുസേവന സംവിധാനങ്ങൾ വേണ്ടത്ര ജാഗ്രത പുലർത്തണമെന്നും ഉപഭോക്തൃ കോടതി ഓർമ്മിപ്പിച്ചു. ഈ കേസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

"വൈകുന്ന ഓരോ ട്രെയിനിനും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ തുടങ്ങിയാൽ റെയിൽവേ പാപ്പരാകും," എന്നായിരുന്നു ഒരാളുടെ അഭിപ്രായം."റെയിൽവേ ഉത്തരവാദിത്തം കാണിക്കണം എന്നത് ശരി തന്നെ, പക്ഷേ ആ യാത്രക്കാരന് പോയിടത്ത് അത്രയും പ്രധാനപ്പെട്ട എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കിൽ പണം കൊണ്ട് അത് നികത്താനാകുമോ?" എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. നീതി ലഭിക്കാൻ എടുക്കുന്ന കാലതാമസത്തെ മറ്റൊരാൾ ഇങ്ങനെ പരിഹസിച്ചു: "ഇത് എത്ര വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ലഭിക്കുന്നത്? സമയത്തിന് ഒരു വിലയുമില്ലേ എന്നായിരുന്നു ചോദ്യം.

TAGS :

Next Story