Quantcast

'കഴിഞ്ഞ 20 മാസമായി തുടരുന്ന ഇന്ത്യയുടെ ഫലസ്തീൻ നയം ധാര്‍മികതക്ക് നിരക്കാത്തത്'; കോൺഗ്രസ്

ഇസ്രായേലിന്‍റെ അസ്വീകാര്യമായ നടപടികളിൽ മോദി സർക്കാരിന്‍റെ പൂർണ നിശബ്ദതയെ അങ്ങേയറ്റം അപലപിക്കുന്നുവെന്ന് കോൺഗ്രസ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    22 Sept 2025 9:15 AM IST

കഴിഞ്ഞ 20 മാസമായി തുടരുന്ന ഇന്ത്യയുടെ ഫലസ്തീൻ നയം ധാര്‍മികതക്ക് നിരക്കാത്തത്; കോൺഗ്രസ്
X

ഡൽഹി: ആസ്ത്രേലിയ,കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. കഴിഞ്ഞ 20 മാസമായി ഫലസ്തീനിനെക്കുറിച്ചുള്ള ഇന്ത്യയുടെ നയം 'ലജ്ജാകരവും ധാർമിക ഭീരുത്വവുമാണ്' എന്ന് കോൺഗ്രസ് പറഞ്ഞു.

ഈ രാജ്യങ്ങൾ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെന്നും കൂടുതൽ രാജ്യങ്ങൾ ഉടൻ തന്നെ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‍റാം രമേശ് എക്സിൽ കുറിച്ചു. 1988 നവംബർ 18 ന് ഇന്ത്യ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "എന്നാൽ കഴിഞ്ഞ 20 മാസമായി ഫലസ്തീനുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയം ലജ്ജാകരവും ധാർമിക ഭീരുത്വവുമാണ്" ഇസ്രായേൽ-ഹമാസ് സംഘർഷത്തെ പരാമർശിച്ചുകൊണ്ട് ജയ്‍റാം പറഞ്ഞു.

1988 നവംബറിൽ ഫലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. "ആ സമയത്തും, ഫലസ്തീൻ ജനതയുടെ ധീരമായ പോരാട്ടത്തിലുടനീളം, അന്താരാഷ്ട്ര വേദിയിൽ ശരിയായ കാര്യങ്ങൾക്കുവേണ്ടി നിലകൊണ്ടും മാനവികതയുടെയും നീതിയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ഞങ്ങൾ ലോകത്തിന് വഴി കാണിച്ചുകൊടുത്തു" പ്രിയങ്ക എക്സിൽ കുറിച്ചു. ആസ്ത്രേലിയ, കാനഡ, യുകെ എന്നിവ മാത്രമാണ് ഇത് പിന്തുടരുന്നതെന്നും 37 വർഷം വൈകിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. "ഇതാ, കഴിഞ്ഞ 20 മാസമായി ഫലസ്തീനോടുള്ള ഇന്ത്യയുടെ നയം ലജ്ജാകരവും ധാർമിക സത്യസന്ധതയില്ലാത്തതുമാണ്. മുമ്പ് ഞങ്ങൾ സ്വീകരിച്ചിരുന്ന ധീരമായ നിലപാടിന്‍റെ വലിയൊരു കുറവാണ് ഇത് കാണിക്കുന്നത്'' പ്രിയങ്ക പറഞ്ഞു.

യുഎസിന്റെയും ഇസ്രായേലിന്റെയും കടുത്ത എതിർപ്പ് അവഗണിച്ച് യുകെ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന. കാനഡ,ആസ്ത്രേലിയ എന്നീ രാജ്യങ്ങളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുകെ പ്രധാനമന്ത്രിയുടെ തീരുമാനം. കോമൺ‌വെൽത്ത് രാജ്യങ്ങളുടെ ഏകോപിത തീരുമാനമാണിതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ഇസ്രായേലിന്‍റെ അസ്വീകാര്യമായ നടപടികളിൽ മോദി സർക്കാരിന്‍റെ പൂർണ നിശബ്ദതയെ അങ്ങേയറ്റം അപലപിക്കുന്നുവെന്ന് കോൺഗ്രസ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ആഗസ്തിൽ പ്രിയങ്ക ഗാന്ധി ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ആരോപിക്കുകയും ഇസ്രായേൽ ഫലസ്തീൻ ജനതയുടെ മേൽ നാശം അഴിച്ചുവിടുമ്പോൾ കേന്ദ്രസർക്കാർ നിശബ്ദത കാണിക്കുന്നതിനെ വിമർശിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story