'നാളെ മുതൽ മികച്ച സേവനം ഉറപ്പാക്കാൻ ശ്രമിക്കും': ഇൻഡിഗോ പ്രതിസന്ധിയിൽ മാപ്പ് പറഞ്ഞ് സിഇഒ
പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയിൽ മാപ്പ് പറഞ്ഞ് സിഇഒ പീറ്റർ എൽബേഴ്സ്. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും പീറ്റർ എൽബേഴ്സ് പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ ത്രിതല നടപടികൾ സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാർക്ക് കൃത്യമായ നിർദേശങ്ങൾ നൽകും. നാളെ മുതൽ മികച്ച സേവനം ഉറപ്പാക്കാൻ ശ്രമിക്കും. നിർദേശം പിൻവലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാർഹമെന്നും സിഇഒ പറഞ്ഞു.
ഡിസംബർ പത്തിനും 15 നും ഇടയിൽ പൂർവസ്ഥിതിയിലേക്ക് എത്താൻ സാധിക്കും. യാത്രക്കാർ സഹകരിക്കണമെന്നും പീറ്റർ എൽബേഴ്സ് ആവശ്യപ്പെട്ടു.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു. പ്രതിവാര വിശ്രമത്തിന് പകരം അവധി ആക്കരുതെന്ന നിർദേശമാണ് പിൻവലിച്ചത്.
വിമാന കമ്പനികളുടെ പരാതിയെ തുടർന്നാണ് നടപടി. പൈലറ്റുമാരുടെ ഡ്യൂട്ടിസമയ നിബന്ധന പരിഷ്ക്കരണം കാരണം ഇൻഡിഗോയുടെ 600ൽ അധികം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു.
കോടതി നിർദേശത്തെത്തുടർന്ന് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (എഫ്ഡിടിഎൽ) മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് തടസങ്ങൾക്ക് കാരണമെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചു. രണ്ടാം ഘട്ട എഫ്ഡിടിഎൽ മാനദണ്ഡങ്ങൾക്കാവശ്യമായ പൈലറ്റുമാരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും ഇൻഡിഗോ അവകാശപ്പെട്ടു.
രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളിൽ സൃഷ്ടിച്ചത് എക്കാലത്തേയും വലിയ പ്രതിസന്ധി. തുടർച്ചയായ മൂന്നാം ദിവസവും വിവിധ പ്രശ്നങ്ങൾ തുടർന്നതോടെയാണ് വിമാന കമ്പനി യാത്രക്കാർക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങൾ സാക്ഷിയായത്. ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ക്യാബിൻ ക്രൂ പ്രശ്‌നങ്ങൾ, സാങ്കേതിക തടസങ്ങൾ എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾക്കൂടി റദ്ദാക്കലുകൾ തുടരുമെന്ന് കമ്പനി അറിയിച്ചു. ഡൽഹിയിൽ മാത്രം 150 വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. മുംബൈയിൽ 118ഉം ബംഗളൂരുവിൽ 100ഉം ഹൈദരാബാദിൽ 75ഉം കൊൽക്കത്തയിൽ 35 വിമാനങ്ങളും റദ്ദാക്കി. ചെന്നൈയിൽ 26, ഗോവയിൽ 11 വിമാനങ്ങളും റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ. മറ്റ് വിമാനത്താവളങ്ങളിലും സമാന പ്രശ്നം നേരിട്ടു.
പ്രതിദിനം 2,300 വിമാന സർവീസുകൾ നടത്തുന്ന ഇൻഡിഗോ, സമയനിഷ്ട ഒരു മുഖമുദ്രയായി അവകാശപ്പെടുന്ന കമ്പനിയാണ്. എന്നാൽ ചൊവ്വാഴ്ച 35 ശതമാനമായിരുന്നു സമയനിഷ്ടയെങ്കിൽ ബുധനാഴ്ച ഇത് 19.7 ശതമാനമായി ഇടിഞ്ഞു. പ്രശ്ന പരിഹാരത്തിനായി സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയും ഇൻഡിഗോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, വിമാനങ്ങൾ റദ്ദാക്കിയത് മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ഖേദമറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇൻഡിഗോയുടെ നെറ്റ്‌വർക്കിലും പ്രവർത്തനങ്ങളിലും വ്യാപകമായ തടസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബുദ്ധിമുട്ട് ബാധിച്ച എല്ലാ ഉപഭോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നതായി ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നത് തുടരും. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് https://goindigo.in/check-flight-status.html എന്ന വെബ്‌സൈറ്റിൽ പുതിയ സ്റ്റാറ്റസ് പരിശോധിക്കണം. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ അഗാധമായി ഖേദിക്കുന്നു- കമ്പനി കൂട്ടിച്ചേർത്തു.
Adjust Story Font
16

