വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കൽ; ഇൻഡിഗോക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ
പിഴ കൂടാതെ ഇൻഡിഗോക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്

ന്യൂഡൽഹി: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി രൂപ പിഴ ചുമത്തി. വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ വീഴ്ചയാണ് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് കാരണമെന്ന് വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.
ഡിസംബറിൽ 15 ദിവസത്തോളമാണ് ഇൻഡിഗോ സർവീസുകൾ താറുമാറായത്. ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഡിജിസിഎ നാലംഗ സമിതി രൂപീകരിച്ചിരുന്നു. ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തിരുന്നു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്. ഇൻഡിഗോ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് പ്ലാനിങ്, റോസ്റ്ററിങ്, സോഫ്റ്റ്‌വെയർ എന്നിവയെ കുറിച്ച് അന്വേഷണസംഘം വിശദമായി പഠിച്ചതായി ഡിജിസിഎ അറിയിച്ചു.
പ്രവർത്തനങ്ങളുടെ അമിതമായ ഒപ്റ്റിമൈസേഷൻ, മതിയായ തയ്യാറെടുപ്പില്ലായ്മ, സിസ്റ്റം സോഫ്റ്റ്‌വെയർ സപ്പോർട്ടിലെ കുറവുകൾ, മാനേജ്‌മെന്റ് ഘടനയിലെയും പ്രവർത്തനപരമായ നിയന്ത്രണത്തിലെയും പോരായ്മകൾ എന്നിവയാണ് വിമാന സർവീസുകൾ താറുമാറാകാൻ കാരണമെന്നാണ് സമിതിയുടെ കണ്ടെത്തൽ. പിഴ കൂടാതെ ഇൻഡിഗോക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

