പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ സർവീസുകൾ; കടുത്ത നടപടി സ്വീകരിക്കാൻ വ്യോമയാന മന്ത്രാലയം
സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ഡിജിസിഎ വിലയിരുത്തൽ.

ന്യൂഡല്‍ഹി: ഏഴാം ദിവസവും പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ സർവീസുകൾ. വിവധ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും.
അതേസമയം സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് ഡിജിസിഎ വിലയിരുത്തൽ. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിനും ഇൻഡിഗോ സിഇഒ ഇന്ന് മറുപടി നൽകും. ഇന്ന് രാത്രി എട്ട് മണിക്കകം മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകിയിരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം.
അതേസമയം സർവീസുകൾ പൂർണമായി പുനസ്ഥാപിക്കാനാക്കാൻ 10 ദിവസം കൂടി വേണ്ടിവരുമെന്ന് ഇൻഡിഗോ അധികൃതർ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചു. അതിനിടെ, ഇൻഡിഗോയ്ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെ പുറത്താക്കുന്നത് പരിഗണിക്കുകയാണെന്നാണ് റിപ്പോർട്ട്. കമ്പനിക്ക് കനത്തപിഴ ചുമത്താനും നീക്കമുണ്ട്.
പൈലറ്റുമാരുടെ വിശ്രമസമയംസംബന്ധിച്ചുള്ള പുതിയ ചട്ടങ്ങള്‍ കൈകാര്യംചെയ്യുന്നതിൽ വീഴ്ചവരുത്തിയതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കാരണംകാണിക്കൽ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ മറുപടിനൽകണമെന്നാണ് ആവശ്യം.
ഇൻഡിഗോ സർവീസുകൾ താറുമാറായതിനുപിന്നാലെ മറ്റു വിമാനക്കമ്പനികൾ യാത്രാനിരക്ക് വൻതോതിൽ ഉയർത്തിയത് തടയാൻ നീക്കവുമായി കേന്ദ്രസർക്കാർ രംഗത്ത് എത്തി. യാത്രാദൂരത്തിനനുസരിച്ച് നിരക്കുകൾക്ക് വ്യോമയാനമന്ത്രാലയം പരിധി നിശ്ചയിച്ചു.
Adjust Story Font
16

