ഹണിമൂണിനിടെ കൊലപാതകം; വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം യുവതി കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു
കാമുകനായ രാജ് കുശ്വാഹയുമായുള്ള ചാറ്റിൽ രാജ തന്നോട് അടുപ്പം കാണിക്കുന്നത് ഇഷ്ടമാകുന്നില്ലെന്ന് സോനം പറഞ്ഞിരുന്നു

ഇൻഡോര്‍: മേഘാലയയിൽ ഹണിമൂൺ ആഘോഷത്തിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയും പ്രതിയുമായ സോനം രഘുവംശി വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ കാമുകനോടൊപ്പം ചേർന്ന് ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
കാമുകനായ രാജ് കുശ്വാഹയുമായുള്ള ചാറ്റിൽ രാജ തന്നോട് അടുപ്പം കാണിക്കുന്നത് ഇഷ്ടമാകുന്നില്ലെന്ന് സോനം പറഞ്ഞിരുന്നു. ഭർത്താവിന്റെ കൊലപാതകത്തെ തുടർന്ന് ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞതിന് ശേഷം തിങ്കളാഴ്ച ഉത്തർപ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങിയ സോനം, വിവാഹം നിശ്ചയിച്ചപ്പോൾ മുതൽ രാജയുമായി വലിയ അടുപ്പമില്ലെന്ന് പറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ഭർത്താവിനെ കൊല്ലാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് അവൾ കുശ്വാഹയോട് ചാറ്റിൽ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. രാജയെ കൊല്ലാൻ പ്രതികൾ മനഃപൂർവമാണ് ദൂരെയുള്ള സ്ഥലം ഹണിമൂണിനായി തെരഞ്ഞെടുത്തത്. മേയ് 10നായിരുന്നു സോനവും രാജയും തമ്മിലുള്ള വിവാഹം. മേയ് 21നാണ് ഹണിമൂണിനായി മേഘാലയയിൽ എത്തിയത്.
രാജയെ കൊലപ്പെടുത്താൻ താൻ കൊലയാളികളെ വാടകയ്‌ക്കെടുത്തതായി സോനം പൊലീസിനോട് സമ്മതിച്ചിരുന്നു. കാമുകൻ രാജ് ഉൾപ്പെടെ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജയുടെ ശരീരത്തിൽ ഒന്നിലധികം ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്ന് തലയുടെ മുൻവശത്തും മറ്റൊന്ന് പുറകിലുമാണ്.
വെള്ളിയാഴ്ച, മേഘാലയയിലെ ചിറാപുഞ്ചിക്കടുത്തുള്ള ഒരു മലയിടുക്കിൽ നിന്നാണ് രാജാ രഘുവംശിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം പാതി അഴുകിയ നിലയിലായിരുന്നു. കേസിൽ രഘുവംശിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മേയ് 23നാണ് രഘുവംശിയെയും ഭാര്യ സോനത്തെയും ഇൻഡോറിലെ ഹണിമൂൺ ആഘോഷത്തിനിടെ കാണാതാകുന്നത്. ജൂൺ 2 ന് ചിറാപുഞ്ചിക്കടുത്തുള്ള സൊഹ്രാരിമിലെ ഒരു മലയിടുക്കിൽ രാജയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ സോനത്തെ കണ്ടെത്താനായില്ല.പിന്നീട് സംഭവം നടന്ന് 17 ദിവസത്തിന് ശേഷം സോനം പൊലീസിൽ കീഴടങ്ങുകയായിരുന്നു.
Adjust Story Font
16

