Quantcast

"വേദനയുണ്ട്, രാജ്യത്തിന് അഭിമാനമായവരാണ് തെരുവിൽ നിൽക്കുന്നത്"; ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര

മറ്റ് കായിക ഇനങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾ, പ്രത്യേകിച്ച് ക്രിക്കറ്റിൽ നിന്നുള്ളവർ തങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നുവെന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    28 April 2023 5:43 AM GMT

wrestlers protest
X

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയിൽ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധ സമരത്തിന് മറ്റ് കായിക താരങ്ങൾ പിന്തുണ നൽകാത്തതിൽ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാവലിൻ താരം നീരജ് ചോപ്ര.

നീതി തേടി കായികതാരങ്ങൾ തെരുവിൽ പ്രതിഷേധിക്കുന്നത് കാണുമ്പോൾ വേദനയുണ്ടെന്ന് നീരജ് ചോപ്ര ട്വിറ്ററിൽ കുറിച്ചു. നമ്മുടെ മഹത്തായ രാഷ്ട്രത്തെ പ്രതിനിധീകരിക്കാനും അഭിമാനമാകാനും കഠിനമായി പരിശ്രമിച്ചവരാണ് ഇപ്പോൾ തെരുവിൽ നിൽക്കുന്നത്. ഒരു രാഷ്ട്രമെന്ന നിലയിൽ ഓരോ കായികതാരത്തിന്റെയും അന്തസും സമഗ്രതയും സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്"; നീരജ് ചോപ്ര കുറിച്ചു.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നത്. വളരെ ഗൗരവമായ ഒരു വിഷയമാണിത്. കൃത്യമായ നടപടിയെടുത്തത് അധികൃതർ നീതി ഉറപ്പാക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണെതിരെ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്ക് വേണ്ടി ശബ്ദമുയർത്തുന്ന ആദ്യ കായികതാരം കൂടിയാണ് നീരജ് ചോപ്ര.

മറ്റ് കായിക ഇനങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾ, പ്രത്യേകിച്ച് ക്രിക്കറ്റിൽ നിന്നുള്ളവർ തങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നുവെന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാജ്യം മുഴുവൻ ക്രിക്കറ്റിനെ ആരാധിക്കുകയാണ്. എന്നാൽ, ഒരു ക്രിക്കറ്റ് താരം പോലും തങ്ങൾക്ക് അനുകൂലമായി സംസാരിച്ചിട്ടില്ല. കുറഞ്ഞത് ഒരു നിഷ്പക്ഷ സന്ദേശമെങ്കിലും നൽകാൻ അവർ തയ്യാറായിട്ടില്ല. ക്രിക്കറ്റ് താരങ്ങൾ, ബാഡ്മിന്റൺ താരങ്ങൾ, അത്‌ലറ്റിക്‌സ്, ബോക്‌സിംഗ് ആരും സംസാരിക്കാൻ തയ്യാറാകുന്നില്ല; വിനേഷ് ഫോഗട്ട് പറഞ്ഞു.

ഗുസ്തിതാരങ്ങൾക്കെതിരായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയുടെ പ്രസ്താവനക്കെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പോലും പി.ടി ഉഷ തയാറായില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നും തങ്ങൾ സമാധാനപരമായിട്ടാണ് പ്രതിഷേധം നടത്തുന്നതെന്നും സാക്ഷി വ്യക്തമാക്കി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കമ്മിറ്റിയിൽ തങ്ങൾ മൊഴി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും സാക്ഷി കുറ്റപ്പെടുത്തി.

മൂന്ന് മാസമായി നീതിക്കായി പോരാടുന്നുവെന്നും പി.ടി ഉഷ തങ്ങള്‍ക്കൊപ്പം നിൽക്കുമെന്നാണ് കരുതിയതെന്നും വിനേശ് ഫോഗട്ട് പ്രതികരിച്ചു. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാർ എന്ന നിലയിൽ പ്രതിഷേധിക്കുക എന്നത് തങ്ങളുടെ അവകാശമാണ്. തങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ തങ്ങൾ സമരം തുടരുമെന്നും താരങ്ങള്‍ പറഞ്ഞു. ഇത്രയും കടുത്ത പ്രതികരണം പി.ടി ഉഷയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവരിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു ബജ്രംഗ് പുനിയയുടെ പ്രതികരണം.

ഗുസ്തി ഫെഡറഷൻ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കായികരംഗത്തിനും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമാണെന്നായിരുന്നു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷ പറഞ്ഞിരുന്നത്.

TAGS :

Next Story