Quantcast

മരണത്തിലും പൊന്നോമനയെ ചേര്‍ത്തുപിടിച്ച് അമ്മ; മൃതദേഹം കണ്ടെത്തിയത് കുഞ്ഞിനെ മാറോടണച്ച നിലയില്‍

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ബാര്‍ഗി ഡാമിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി

MediaOne Logo
Jabalpur Boat Tragedy: Mother, Sons Bodies Found Holding Each Other
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ബാര്‍ഗി ഡാമിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തപ്പോള്‍ രക്ഷാപ്രവര്‍ത്തകരുടെയും കണ്ടുനിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. നാലുവയസുകാരനായ മകനെ നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലൈഫ് ജാക്കറ്റ് അണിഞ്ഞിരുന്നെങ്കിലും ഇതും രക്ഷക്കെത്തിയില്ല. അപകടസ്ഥലം സന്ദര്‍ശിച്ച മന്ത്രി രാകേഷ് സിങ് ഉള്‍പ്പെടെയുള്ളവര്‍ ഈ കാഴ്ച കണ്ട് വികാരാധീനരായി. ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ അപകടത്തില്‍ മരണം ഒന്‍പതായി ഉയര്‍ന്നു. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്. 28 പേരെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ എട്ടുപേരും സ്ത്രീകളാണ്.

നര്‍മദാ നദിയില്‍ നര്‍മദ ബാര്‍ഗി ഡാമിനു സമീപത്താണ് ഇന്നലെ ബോട്ടപകടമുണ്ടായത്. ഇന്നു രാവിലെ നടത്തിയ തെരച്ചിലിലാണ് അമ്മയുടെയും മകന്റെയും ഉള്‍പ്പെടെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള കുടുംബത്തിലെ അംഗങ്ങളാണ് ഇവര്‍. ഒപ്പമുണ്ടായിരുന്ന പിതാവും മകളും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

29 യാത്രക്കാരെ കയറ്റാന്‍ ശേഷിയുള്ള ബോട്ടില്‍ 45ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റവും ബോട്ടിലെ അമിതഭാരവും അപകടത്തിന് കാരണമായിരിക്കാം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എല്ലാ യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ചേര്‍ന്ന് മറ്റുബോട്ടുകളിലെത്തിയും കയര്‍ എറിഞ്ഞുകൊടുത്തും നിരവധി പേരെ രക്ഷിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചവരെയാണ് ഇത്തരത്തില്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഡാം റിസര്‍വോയറില്‍ 20 അടി താഴ്ചയില്‍ നിന്നാണ് മുങ്ങിപ്പോയ ബോട്ട് ഇന്ന് കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തിന് പൊലീസും ദുരന്തനിവാരണ സേനയും കൂടാതെ സൈന്യത്തിന്റെ ഒരു സംഘവും എത്തിയിരുന്നു. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.

TAGS :

Next Story