Quantcast

മുസ്‌ലിം വിദ്വേഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സുപ്രീം കോടതിയിൽ

2018 മുതലുള്ള സംഭവങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-01-02 02:24:19.0

Published:

2 Jan 2022 1:45 AM GMT

മുസ്‌ലിം വിദ്വേഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സുപ്രീം കോടതിയിൽ
X

രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ വർധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങളിലും ആക്രമണങ്ങളിലും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സുപ്രീം കോടതിയിൽ ഹരജി നൽകി. ഹരിദ്വാറിലെ ധർമൻസദിൽ ഉയർന്ന വംശഹത്യ ആഹ്വാനം, ഗുരുഗ്രാമിലെ ജുമുഅ പ്രാർഥന തടസ്സപ്പെടുത്തൽ, ത്രിപുര ആക്രമണം തുടങ്ങി 2018 മുതലുള്ള സംഭവങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതിനിടെ ഇന്നലെയും ഒരു വിദ്വേഷ പ്രസംഗം വാർത്തയായിരുന്നു. ഹരിദ്വാറിലെ ധർമൻസദിൽ മുസ്‌ലിംകളെ വംശഹത്യ ചെയ്യണമെന്നാണ് പ്രസംഗിച്ചിരുന്നതെങ്കിൽ യുപിയിൽ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെയായിരുന്നു വിദ്വേഷ പ്രചാരണം. ഇസ്ലാം ഫാസ്റ്റ് പോയ്സനും ക്രിസ്തുമതം സ്ലോപോയ്സനുമാണെന്നും രണ്ടും തുടച്ചു നീക്കണമെന്നും ഹിന്ദുത്വ നേതാവ് ആഹ്വാനം ചെയ്തു. പ്രസംഗം മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ സിജെ വെർലേമാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതതോടെയാണ് ചർച്ചയായത്. നമുക്ക് ഭീഷണിയുണ്ടെങ്കിൽ ചർച്ചിൽനിന്നും ഈദ് മുബാറക് ആഘോഷിക്കുന്നവരിൽ നിന്നാണെന്നും വിവാദ പ്രസംഗത്തിൽ പറഞ്ഞു. പുതുവത്സരാശംസകൾ പറയുന്നതിനും സാന്താക്ലോസിനെതിരെയും ഹിന്ദുത്വ നേതാവ് പ്രസംഗിച്ചു. കമ്യൂണിസവും തങ്ങൾക്ക് ഭീഷണിയാണെന്നും ഇയാൾ പറഞ്ഞു.

ഹരിദ്വാറിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ സൻസദ് മുഖ്യ സംഘാടകൻ യതി നരസിംഹാനന്ദിനെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങൾ മുമ്പും നടത്തിയിട്ടുള്ള യതി നരസിംഹാനന്ദ് പരിപാടിയിൽ സംസാരിച്ചിരുന്നു. രാജ്യത്താകമാനം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പരിപാടി നടന്ന് നാല് ദിവസം കഴിഞ്ഞിട്ടാണ് കുറ്റപത്രം ഫയൽ ചെയ്യപ്പെട്ടത്. എഫ്.ഐ.ആറിൽ പേര് ചേർക്കപ്പെട്ട അഞ്ചാമത്തെ ആളാണ് യതി നരസിംഹാനന്ദ്. മുസ്‌ലിംകൾക്കെതിരെ ആയുധമെടുക്കാനും വംശഹത്യക്ക് ആഹ്വാനം നടത്തുകയും ചെയ്യുന്ന പ്രസംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്ത ഹിന്ദു സന്യാസിമാർ നടത്തിയിരുന്നത്. വാസിം റിസ്വി, പൂജ ശകുൻ പാണ്ഡെ, ധർമദാസ് എന്നിവരടട്ടമുള്ളവർക്കെതിരെ സമൻസ് അയച്ചിരുന്നു. സമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനാണ് കേസ് ചുമത്തിയത്. എന്നാൽ ന്യൂനപക്ഷ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്ത കേസിൽ യു.എ.പി.എ ചുമത്തിയിട്ടില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ കേസ് നൽകാൻ പ്രതിയായവർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

ഗുരുഗ്രാമിൽ 2021 സെപ്തംബറിൽ ഭരണകൂടം 34 സ്ഥലങ്ങളിൽ വാഹനഗതാഗതം തടസ്സപ്പെടുത്താതെ നമസ്‌ക്കരിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ സെപ്തംബർ 17 ന് ഭാരത് മാതാ വാഹിനി സ്ഥാപകൻ ദിനേശ് ഭാരതിയുടെ നേതൃത്വത്തിൽ ഇതിനെതിരെ കാമ്പയിൻ തുടങ്ങുകയായിരുന്നു. ഗുരുഗ്രാമിലെ സെക്ടർ 47 ലായിരുന്നു ഇവരുടെ പ്രതിഷേധം തുടങ്ങിയത്. പിന്നീട് സെക്ടർ 12 ലേക്കും മറ്റിടങ്ങളിലേക്കും വ്യാപിച്ചു. ഹിന്ദുത്വ സംഘങ്ങളുടെ എതിർപ്പിനെ തുടർന്ന് നമസ്‌ക്കാര സ്ഥലങ്ങളുടെ എണ്ണം ദീപാവലിക്ക് ശേഷം 27 ആയി ചുരുങ്ങി. ഒക്ടോബർ 26 ഓടെ എല്ലാ സ്ഥലത്തും നമസ്‌ക്കാരം നിർത്തിവെക്കാൻ അവർ സമ്മർദ്ദം ചൊലുത്തി. ശേഷം ജുമുഅ നടത്താറുള്ള സെക്ടർ 12 ലെ സ്ഥലത്ത് അവർ ഗോവർദ്ധൻ പൂജ നടത്തി. പിന്നീട് അവിടെ വോളിബാൾ കോർട്ട് പണിയുമെന്ന് പറഞ്ഞ അവർ സ്ഥലത്ത് ചാണകം ഉപേക്ഷിച്ച് പോവുകയും ചെയ്തു. ഇതിന് ശേഷം ഹിന്ദുത്വരുടെ എതിർപ്പുണ്ടായിട്ടും ജുമുഅ നടക്കുന്നുണ്ട്. 18 സ്ഥലങ്ങളിൽ ജുമുഅ നമസ്‌ക്കാരം നടത്തുമെന്ന് മുസ്ലിം സംഘടനകൾ നേരത്തെ അറിയിച്ചിരുന്നു.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തീവ്രഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധങ്ങൾക്കിടെയാണ് ത്രിപുരയിൽ ന്യൂനപക്ഷങ്ങൾക്കു നേരെ അതിക്രമമുണ്ടായത്. പള്ളികളും കടകളും വീടുകളും ആക്രമിക്കപ്പെട്ടു. ഇക്കാര്യം പൊലീസ് തന്നെ സ്ഥിരീകരിച്ചിരുന്നു. തീവ്രഹിന്ദു സംഘടനകളുടെ ആക്രമണത്തിൽ പൊലീസുകാർക്കും പരിക്കേൽക്കുകയുണ്ടായി. എന്നാൽ ത്രിപുര സർക്കാർ ആരോപിക്കുന്നത് 'പുറത്തുനിന്നുള്ള ഒരു നിക്ഷിപ്ത താൽപ്പര്യ സംഘം' സംസ്ഥാനത്ത് അശാന്തി ഉണ്ടാക്കാനും പ്രതിച്ഛായ മോശമാക്കാനും ഗൂഢാലോചന നടത്തുന്നു എന്നാണ്.

TAGS :

Next Story