Quantcast

വഖഫ് ബിൽ: ജെഡിയുവിലെ കലഹം അടങ്ങുന്നില്ല: സുപ്രിംകോടതിയെ സമീപിച്ച് ജെഡിയു നേതാവ്, നിതീഷിനെ കാണാനൊരുങ്ങി ഒരു വിഭാഗം

വഖഫ് ബില്ലോടെ അകന്ന മുസ്ലിം വിഭാഗത്തെ പാർട്ടിയുമായി അടുപ്പിക്കാനുള്ള പരിപാടികളും ജെഡിയു തകൃതിയായി നടത്തുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-04-10 07:20:37.0

Published:

10 April 2025 12:48 PM IST

വഖഫ് ബിൽ: ജെഡിയുവിലെ കലഹം അടങ്ങുന്നില്ല: സുപ്രിംകോടതിയെ സമീപിച്ച് ജെഡിയു നേതാവ്, നിതീഷിനെ കാണാനൊരുങ്ങി ഒരു വിഭാഗം
X

ന്യൂഡൽഹി: വഖഫ് ബില്ലിനെ പാർലമെന്റിൽ അനുകൂലിച്ചതിന്റെ പേരിൽ ബിഹാർ ജെഡിയുവിൽ രൂപപ്പെട്ട കലഹം അടങ്ങുന്നില്ല. വഖഫ് ഭേദഗതി നിയമത്തിനെതിരെ ജെഡിയു നേതാവും ന്യൂനപക്ഷ സംവരണ മുന്നണി പ്രസിഡന്റുമായ മുഹമ്മദ് പർവേശ് സിദ്ദിഖി സുപ്രിംകോടതിയെ സമീപിച്ചു.

വഖഫ് ബില്ലിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് നേരത്തെ നിരവധി മുതിര്‍ന്ന നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. അതേസമയം പാർട്ടിയുടെ നിലപാടിനോട് വിയോജിപ്പുണ്ടെന്ന കാര്യം പർവേശ് സിദ്ദിഖി തന്നെ പരസ്യമാക്കി.

"ഞങ്ങള്‍ വളരെക്കാലമായി ജെഡിയുവിനുവേണ്ടി പ്രവർത്തിക്കുന്നവരാണ്. എന്നാൽ ഏത് സാഹചര്യത്തിലാണ് നിതീഷ് കുമാർ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇക്കാര്യം നേരിട്ട് കണ്ട് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്''- പർവേശ് സിദ്ദിഖി പറയുന്നു. ജെഡിയുവിൽ തുടര്‍ന്നുതന്നെ ഈ നിയമത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കുള്ളിലെ ശക്തമായ വിയോജിപ്പാണ് സിദ്ദിഖിയുടെ അഭിപ്രായത്തോടെ പുറത്തുവന്നത്. ഇതിനിടെ പാർട്ടി പിന്തുടർന്നുവന്ന മതനിരപേക്ഷ നിലപാടിൽ ബിജെപിക്കുവേണ്ടി ചില നേതാക്കൾ വെള്ളംചേർത്തെന്നും കൂടിയാലോചനകളില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന വിമർശനവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്) മുഖ്യമന്ത്രി നിതീഷ് കുമാറിനുമുകളിൽ പാർട്ടിയിൽ പിടിമുറുക്കുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. ഇക്കാര്യങ്ങളിലൊക്കെ അതൃപ്തിയറിയിക്കാൻ നിതീഷിനെ കാണാനൊരുങ്ങുകയാണ് ഒരുവിഭാഗം നേതാക്കളെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം അവസാനമാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനിടെ വഖഫ് ബില്ലോടെ അകന്ന മുസ്‌ലിം വിഭാഗത്തെ പാർട്ടിയുമായി അടുപ്പിക്കാനുള്ള പരിപാടികളും ജെഡിയു നടത്തുന്നുണ്ട്.

അടുത്തിടെ പാർട്ടി എം‌എൽ‌സി ഖാലിദ് അൻവർ സംഘടിപ്പിച്ച 'ഈദ് മിലാൻ' പരിപാടിയിൽ നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നു. ജെഡിയുവിന്റെ എല്ലാ മുതിർന്ന നേതാക്കളും മന്ത്രിമാരും ചടങ്ങിനെത്തുകയും ചെയ്തു. നേരത്തെ, ഉറുദു ട്രാന്‍സിലേറ്റര്‍മാരുടെ തസ്തികകൾ 1,653 ൽ നിന്ന് 3,306 ആയി ഉയർത്താൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ 1,380 പൊലീസ് സ്റ്റേഷനുകളിലും ഒരു ഉറുദു വിവർത്തകനെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

TAGS :

Next Story