ജെഇഇ അഡ്വാൻസ്ഡ്: ഒന്നാം റാങ്കുകാരൻ പഠിച്ചത് ദിവസം ആറ് മണിക്കൂർ മാത്രം; ഉന്നത റാങ്കുകാരുടെ വിജയരഹസ്യങ്ങൾ
ഇത്തവണത്തെ റാങ്ക് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഐഐടി ഡൽഹി സോണിലെ വിദ്യാർഥികൾക്കാണ്

- Published:
1 Jun 2026 12:59 PM IST

കാൺപൂർ: രാജ്യത്തെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നായ ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഫലം ഐഐടി കാൺപൂർ പ്രസിദ്ധീകരിച്ചു. ഇത്തവണ പരീക്ഷയെഴുതിയ 1,79,694 വിദ്യാർഥികളിൽ 10,107 പെൺകുട്ടികൾ ഉൾപ്പെടെ ആകെ 56,880 പേരാണ് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.
ഇത്തവണത്തെ റാങ്ക് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും ഐഐടി ഡൽഹി സോണിലെ വിദ്യാർഥികൾക്കാണ്. ബിഹാർ സ്വദേശിയായ ശുഭം കുമാർ 360-ൽ 330 മാർക്ക് നേടി അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. 329 മാർക്കോടെ കബീർ ചില്ലർ രണ്ടാം റാങ്കും, 319 മാർക്കോടെ ജതിൻ ചാഹർ മൂന്നാം റാങ്കും നേടി. 280 മാർക്കോടെ 77-ാം റാങ്ക് നേടിയ ആരോഹി ദേഷ്പാണ്ഡെയാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. വിജയക്കൊടി പാറിച്ച ഈ മിടുക്കരുടെ പഠനരീതികൾ പരമ്പരാഗതമായ പല ധാരണകളെയും തിരുത്തുന്നതാണ്
ചേച്ചിയാണ് എന്റെ ഗുരുനാഥ: ശുഭം കുമാർ (ഒന്നാം റാങ്ക്)
ദിവസവും 16 മുതൽ 18 മണിക്കൂർ വരെ ഉറക്കമിളച്ചിരുന്ന് പഠിച്ചാലേ റാങ്ക് കിട്ടൂ എന്ന ചിന്ത തെറ്റാണെന്ന് ശുഭം തെളിയിക്കുന്നു. ഐഐടി പട്‌നയിൽ ബി.ടെക് ചെയ്യുന്ന തന്റെ ചേച്ചിയാണ് ശുഭത്തിന്റെ പ്രചോദനം. കോച്ചിങ് ക്ലാസുകൾക്ക് പുറമെ ദിവസം ആറ് മണിക്കൂർ മാത്രമാണ് ശുഭം സ്വയം പഠനത്തിനായി മാറ്റിവെച്ചത്. ആർക്കും ദിവസം 18 മണിക്കൂർ പഠിക്കാൻ കഴിയില്ല. കൂട്ടുകാരോടൊപ്പമുള്ള സംശയനിവാരണവും അധ്യാപകരുടെ മാർഗനിർദേശങ്ങളുമാണ് തന്നെ സഹായിച്ചത് എന്നും ശുഭം പറയുന്നു.
പഠനത്തിന്റെ അളവല്ല, നിലവാരമാണ് പ്രധാനം: കബീർ ചില്ലർ (രണ്ടാം റാങ്ക്)
വെറും ഒരു മാർക്കിന്റെ വ്യത്യാസത്തിൽ രണ്ടാം റാങ്കിലെത്തിയ കബീറും സോഷ്യൽ മീഡിയയിലെ അതിശയോക്തി കലർന്ന പഠന സമയങ്ങളോട് യോജിക്കുന്നില്ല. പഠിക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസിലാക്കുക എന്നതാണ് പ്രധാനം. ആശയങ്ങൾ വ്യക്തമാണെങ്കിൽ നമ്മളത് മറന്നുപോകില്ല. എത്ര സമയം പഠിച്ചു എന്നതിലല്ല, എങ്ങനെ പഠിച്ചു എന്നതിലാണ് കാര്യമെന്ന് കബീർ വ്യക്തമാക്കുന്നു.
കൃത്യമായ ടൈംടേബിൾ: ജതിൻ ചാഹർ (മൂന്നാം റാങ്ക്)
തുടർച്ചയായ കഠിനാധ്വാനവും കൃത്യമായ ദിനചര്യയുമാണ് ജതിൻ ചാഹറിനെ മൂന്നാം റാങ്കിലെത്തിച്ചത്. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്നതാണ് ജതിന്റെ ദിവസം. ക്ലാസുകൾക്ക് ശേഷം വീട്ടിലെത്തി ചെറിയൊരു വിശ്രമത്തിന് ശേഷം വീണ്ടും പഠനം തുടങ്ങും. ക്ലാസ് നോട്ടുകൾ കൃത്യമായി റിവൈസ് ചെയ്യാനും ചോദ്യങ്ങൾ പരിശീലിക്കാനും സമയം കണ്ടെത്തി. വൈകുന്നേരങ്ങളിൽ മനസ് ശാന്തമാക്കാൻ ചെറിയ ഇടവേളകൾ എടുത്തതും അടുത്ത ദിവസത്തെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തതുമാണ് ജതിന്റെ വിജയ സൂത്രവാക്യം.
മാനസിക സമ്മർദമില്ലാത്ത പഠനം: ആരോഹി ദേഷ്പാണ്ഡെ (പെൺകുട്ടികളിലെ ടോപ്പർ)
പരീക്ഷയെ ഒരു വലിയ ഭാരമായി കാണാതിരുന്നതാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ആരോഹി പറയുന്നു. നല്ലതുപോലെ ഉറങ്ങാൻ താൻ സമയം കണ്ടെത്തിയിരുന്നു. കൂടുതൽ സമയം ഇരുന്ന് പഠിച്ചതുകൊണ്ട് മാത്രം കാര്യമില്ല. കെമിസ്ട്രി പഠനത്തിനായി പ്രത്യേക കളർ കോഡിങ് രീതികൾ ഉപയോഗിച്ചിരുന്നു, മാനസികാരോഗ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് ആരോഹി പറഞ്ഞു.
ഇനി അടുത്ത ഘട്ടം
ഫലപ്രഖ്യാപനം കഴിഞ്ഞതോടെ, ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള ജോസ കൗൺസിലിങ് നടപടികൾ ഉടൻ ആരംഭിക്കും. പ്ലസ് ടു മാർക്ക് എത്രയാണെങ്കിലും യോഗ്യത നേടിയ എല്ലാ വിദ്യാർഥികളോടും കൗൺസിലിങ്ങിൽ പങ്കെടുക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Adjust Story Font
16
