Quantcast

മാഞ്ചി ബി.ജെ.പി ചാരന്‍, എച്ച്.എ.എമ്മിന് ഇനി മുന്നണിയില്‍ സ്ഥാനമില്ല: നിതീഷ് കുമാര്‍

ജനതാദള്‍ (യു) വില്‍ ലയിക്കാത്ത പക്ഷം ഭരണമുന്നണിയില്‍ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചക്ക് സ്ഥാനമില്ലെന്നും നിതീഷ് കുമാര്‍

MediaOne Logo

Web Desk

  • Published:

    17 Jun 2023 7:45 AM GMT

Nitish Kumar Jitan ram manjhi bihar mahagathbandhan  നിതീഷ് കുമാർ ജിതൻ റാം മാഞ്ചി ബിഹാർ മഹാഗഡ്ബന്ധന്‍
X

പട്ന: ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി ബി.ജെ.പി ചാരനെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) നേതാവുമായ നിതീഷ് കുമാര്‍. ജനതാദള്‍ (യു) വില്‍ ലയിക്കാത്ത പക്ഷം ഭരണമുന്നണിയില്‍ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചക്ക് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ 23ന് പട്നയില്‍ വെച്ച് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഭാഗമാകാന്‍ മാഞ്ചിക്ക് താല്‍പര്യമുണ്ടായിരുന്നെന്നും എന്നാല്‍ യോഗത്തിലെ തീരുമാനങ്ങള്‍ ബി.ജെ.പിക്ക് ചോര്‍ത്തി കൊടുക്കുമെന്നതിനാല്‍ മാറ്റിനിര്‍ത്തുകയായിരുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

താന്‍ മാഞ്ചിയോട് ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയെ (എച്ച്.എ.എം) ജനതാദള്‍ (യു) വില്‍ ലയിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അദ്ദേഹമതിന് തയ്യാറാവാത്ത പക്ഷം മുന്നണിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറഞ്ഞുവെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

'മാഞ്ചി മഹാഗഡ്ബന്ധന്‍ മുന്നണിയിലെ ചാരനാണ്. അദ്ദേഹത്തിന് ബി.ജെ.പി നേതാക്കളുമായി സ്ഥിരമായ ബന്ധമുണ്ട്. അടുത്തകാലത്തായി പല ബി.ജെ.പി നേതാക്കളുമായി മാഞ്ചി കൂടിക്കാഴ്ച നടത്തിയിരുന്നു. അത് പരസ്യമായ രഹസ്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ അദ്ദേഹം എല്ലായിപ്പോഴും പങ്കെടുക്കാറുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളോടൊപ്പം നിന്ന് യോഗങ്ങളിലെല്ലാം പങ്കെടുത്തു. അതുകൊണ്ട് തന്നെ എല്ലാ വിവരങ്ങളും ബി.ജെ.പിക്ക് ചോര്‍ത്തി കൊടുത്തിട്ടുമുണ്ടാകും,' നിതീഷ് കുമാര്‍ പറഞ്ഞു.

അതേസമയം, മുന്നണിയില്‍ നിന്ന് പുറത്തു വരുന്നതോടെ വലിയ സ്വാതന്ത്ര്യമാണ് താന്‍ അനുഭവിക്കുന്നതെന്ന് മാഞ്ചി പറഞ്ഞു. ഭാവി തീരുമാനങ്ങള്‍ ഉടനെ തന്നെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'നിതീഷ് കുമാറിനൊപ്പം നില്‍ക്കുന്നതില്‍ എനിക്കെപ്പോഴും അതിശയമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ അദ്ദേഹം തന്നെ എന്നെ മുന്നണിയില്‍ നിന്ന് 'എക്സിറ്റ് ബട്ടണ്‍' ഞെക്കി പുറത്താക്കിയിരിക്കുന്നു. സ്വതന്ത്രനായതുപോലയാണ് ഇപ്പോള്‍ തോന്നുന്നത്. നിതീഷ് കുമാര്‍ എന്‍.ഡി.എ മുന്നണിയിലായിരുന്നപ്പോള്‍ എല്ലാം നല്ലരീതിയിലായിരുന്നു. എന്നാലിപ്പോള്‍ പെട്ടന്ന് അദ്ദേഹത്തിനൊരു ബി.ജെ.പി അലര്‍ജി പിടിപെട്ടിരിക്കുകയാണ്,' മാഞ്ചി മാധ്യമങ്ങളോട് പറഞ്ഞു.

164 എം.എല്‍.എമാരുള്ള മഹാഗഡ്ബന്ധന്‍ മുന്നണിയില്‍ എച്ച്.എ.എമ്മിന് നാല് എം.എല്‍.എമരാണുളള്ളത്. മഹാസഖ്യത്തില്‍ നിന്ന് അടുത്തിടെയായി എച്ച്.എ.എം ഇടഞ്ഞു നില്‍ക്കുകയായിരുന്നു. എച്ച്.എ.എം നേതാവ് മാഞ്ചിയുടെ മകന്‍ സന്തോഷ് സുമന്‍ കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം നിന്നും രാജിവെച്ചിരുന്നു.

എച്ച്.എ.എമ്മിനെ ജനതാദള്‍ (യു) വില്‍ ലയിപ്പിക്കാന്‍ നിതീഷ് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തുവെന്നും തനിക്ക് മുന്നില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നുമാണ് രാജിക്ക് ശേഷം സുമന്‍ പ്രതികരിച്ചത്. തങ്ങളുടെ പാര്‍ട്ടിയുടെ അസ്ഥിത്തം ആര്‍ക്ക് മുന്നിലും പണയം വെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story