Quantcast

ഇന്ത്യ-പാക് സംഘർഷം; പാകിസ്താനെ പിന്തുണച്ച തുർക്കിയുമായുള്ള വിദ്യാഭ്യാസ കരാറുകൾ റദ്ദാക്കി ഇന്ത്യൻ സർവകലാശാലകൾ

തുർക്കി പ്രതിരോധ സ്ഥാപനങ്ങൾ വിതരണം ചെയ്ത ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്താൻ ഇന്ത്യയുടെ സിവിലിയൻ, സൈനിക മേഖലകളിൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2025-05-16 02:22:08.0

Published:

16 May 2025 7:50 AM IST

ഇന്ത്യ-പാക് സംഘർഷം; പാകിസ്താനെ പിന്തുണച്ച തുർക്കിയുമായുള്ള വിദ്യാഭ്യാസ കരാറുകൾ റദ്ദാക്കി ഇന്ത്യൻ സർവകലാശാലകൾ
X

ന്യൂഡൽഹി: പാകിസ്താന് സൈനിക പിന്തുണ നൽകിയതിനെ തുടർന്ന് ഇന്ത്യയിലെ നിരവധി പ്രമുഖ സർവകലാശാലകൾ തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ റദ്ദാക്കി. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം തുർക്കി പ്രതിരോധ സ്ഥാപനങ്ങൾ വിതരണം ചെയ്ത ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്താൻ ഇന്ത്യയുടെ സിവിലിയൻ, സൈനിക മേഖലകളിൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് നടപടി.

തുർക്കിയിലെ ഇനോനു സർവകലാശാലയുമായി ഒപ്പുവച്ച ധാരണാപത്രം (എംഒയു) ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) റദ്ദാക്കി. 'രാഷ്ട്രത്തിനും സായുധ സേനക്കുമൊപ്പം നിലകൊള്ളുന്നതിനാലും ദേശീയ സുരക്ഷാ കാരണങ്ങളാലും ജെഎൻയു തുർക്കിയുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവെക്കുന്നു.' വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഡൽഹി ആസ്ഥാനമായുള്ള മറ്റൊരു സർവകലാശാലയായ ജാമിയ മില്ലിയ ഇസ്ലാമിയ ഒരു തുർക്കി വിദ്യാഭ്യാസ സ്ഥാപനവുമായും സഹകരിക്കില്ലെന്ന് സർവകലാശാല വക്താവ് സൈമ സയീദ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 'എല്ലാ തുർക്കി വിദ്യാഭ്യാസ സ്ഥാപനവുമായുള്ള സഹകരണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജാമിയ നിർത്തിവച്ചിരിക്കുന്നു. ഞങ്ങൾ സർക്കാരിനും രാഷ്ട്രത്തിനുമൊപ്പം നിലകൊള്ളുന്നു.' സൈമ സയീദ് പറഞ്ഞു.

അന്താരാഷ്ട്ര അക്കാദമിക് പങ്കാളിത്തങ്ങൾ പുനഃപരിശോധിക്കുന്ന ഡൽഹി സർവകലാശാല പ്രക്രിയ പൂർത്തിയായ ശേഷം തീരുമാനമെടുക്കും. 'എല്ലാ ധാരണാപത്രങ്ങളും ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കരാറുകൾ പരിശോധിച്ചതിനു ശേഷം ഞങ്ങൾ തീരുമാനമെടുക്കും.' ഡെൽഹി സർവകലാശാല ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹൈദരാബാദിലെ മൗലാന ആസാദ് നാഷണൽ ഉറുദു സർവകലാശാലയും തുർക്കിയിലെ യൂനുസ് എമ്രെ ഇൻസ്റ്റിറ്റ്യൂട്ടുമായി ഒപ്പുവച്ച ധാരണാപത്രം ഉടനടി പ്രാബല്യത്തിൽ റദ്ദാക്കി. 'ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്താന്റെ ഭീകര പ്രവർത്തനങ്ങൾക്ക് തുർക്കി നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം.' സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു. 2024 ജനുവരിയിൽ ഒപ്പുവച്ച ധാരണാപത്രത്തിന് അഞ്ച് വർഷത്തെ കാലാവധിയുണ്ടായിരുന്നു.

തുർക്കിയും അസർബൈജാനും പാകിസ്താന് നൽകിയ പിന്തുണയുടെ പ്രതികരണം വിദ്യാഭ്യാസ രംഗങ്ങളിൽ മാത്രമല്ല വ്യാപാര മേഖലയിൽ കൂടി വ്യാപിച്ചു. വ്യാപാര സംഘടനകളും ടൂർ ഓപ്പറേറ്റർമാരും തുർക്കിയെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. നിരവധി യാത്രാ വെബ്‌സൈറ്റുകൾ തുർക്കി യാത്രാ പരിപാടികൾ റദ്ദാക്കുകയും സ്വീകരിക്കാതിരിക്കുകയും ചെയ്തു. തുർക്കിയുമായും അസർബൈജാനുമായുള്ള വ്യാപാര കരാറുകൾ അവസാനിപ്പിക്കണമോ എന്ന് തീരുമാനിക്കാൻ വെള്ളിയാഴ്ച ഡൽഹിയിൽ ബിസിനസ്സ് നേതാക്കളുമായി ചർച്ച നടത്തുമെന്ന് ബിജെപി എംപിയും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) സെക്രട്ടറി ജനറലുമായ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.

TAGS :

Next Story