Quantcast

ജാമിഅ നഗർ രാജ്യദ്രോഹക്കേസ്: ഷർജീൽ ഇമാമിന് ജാമ്യം

വേറെയും കേസുകളുള്ളതിനാൽ ഇമാം കസ്റ്റഡിയിൽ തന്നെ തുടരും

MediaOne Logo

Web Desk

  • Published:

    30 Sep 2022 12:32 PM GMT

ജാമിഅ നഗർ രാജ്യദ്രോഹക്കേസ്: ഷർജീൽ ഇമാമിന് ജാമ്യം
X

രാജ്യദ്രോഹക്കേസിൽ ജെ.എൻ.യു സർവകലാശാലാ വിദ്യാർഥി ഷർജീൽ ഇമാമിന് ജാമ്യം. 2019ൽ ജാമിഅ നഗർ പ്രദേശത്ത് പൗരത്വ ഭേദഗതി സമരവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ കാരണമായെന്ന് ആരോപിക്കപ്പെട്ട പ്രസംഗം നടത്തിയ കേസിലാണ് ഡൽഹി സാകേത് കോടതി ജാമ്യം അനുവദിച്ചത്. പക്ഷേ വേറെയും കേസുകളുള്ളതിനാൽ ഇമാം കസ്റ്റഡിയിൽ തന്നെ തുടരും. എൻ.എഫ്.സി പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അഡീഷണൽ സെഷൻസ് ജഡ്ജി അനുജ് അഗ്രവാളാണ് ജാമ്യം നൽകിയത്. 30000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലാണ് ജാമ്യം.



ഐ.പി.സി സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസുകളിൽ തീർപ്പ് കൽപ്പിക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത് കോടതി പരിഗണിക്കുകയായിരുന്നു. 153എ വകുപ്പ് പ്രകാരം പരമാവധി മൂന്നു വർഷമാണ് തടവ് ലഭിക്കുകയെന്നും കോടതി വിലയിരുത്തി. കേസിൽ 2020 ഫെബ്രുവരി 17ന് അറസ്റ്റിലായ ഇമാം 31 മാസമായി കസ്റ്റഡിയിലാണുള്ളതെന്നും നിരീക്ഷിച്ചു.

31 മാസം തടവിൽ കഴിഞ്ഞതിനാൽ 436 എ പ്രകാരം ജാമ്യം വേണമെന്ന ഷർജീൽ ഇമാമിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി വിചാരണ കോടതിയോട് നിർദേശിക്കുകയായിരുന്നു. ഷർജീലിന്റെ പ്രസംഗം തീവ്രമാണെന്ന് വിലയിരുത്തി സാകേത് കോടതി 2021 ഒക്‌ടോബറിൽ അദ്ദേഹത്തിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ ഷർജിൽ ഇമാം 2020 മുതൽ ജയിലിലാണ്.

2019 ഡിസംബർ 15ന് പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് എൻ.എഫ്.സി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നത്. 2019 ഡിസംബർ 13ന് ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങൾക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചു.

ഷർജീൽ ഇമാമിനെതിരെയുള്ള തെളിവുകൾ ശുഷ്‌കമാണെന്നും വ്യക്തമല്ലെന്നും ഒക്‌ടോബറിൽ കോടതി നിരീക്ഷിച്ചിരുന്നു. കലാപത്തിന് പ്രേരിപ്പിച്ചുവെന്നത് തെളിയിക്കാൻ പര്യാപ്തമല്ലെന്നും പറഞ്ഞു. എന്നാൽ രാജ്യദ്രോഹക്കുറ്റമോ വിവിധ വിഭാഗങ്ങൾക്കിടയിൽ അസ്വാരസ്യമോ സൃഷ്ടിക്കുന്നതായുള്ള കുറ്റമോ ചുമത്തണമോയെന്നറിയാൻ കൂടുതൽ പരിശോധനക്കായി അന്ന് ജാമ്യം നൽകാതിരിക്കുകയായിരുന്നു. ഡൽഹി കലാപക്കേസിൽ ഷർജീൽ ഇമാമിനെതിരെ യുഎപിഎ ചുമത്തിയിരുന്നു.

JNU University student Sharjeel Imam granted bail in 2019 Jamia Nagar sedition case.

TAGS :

Next Story