Quantcast

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് വിഡിയോ ചെയ്തു, പിന്നാലെ ട്രോളുകളും സൈബറാക്രമണവും; ജീവനൊടുക്കാന്‍ ശ്രമിച്ച ഇൻഫ്ലുവൻസർ ഗുരുതരാവസ്ഥയില്‍

രാജസ്ഥാന്റെ സാംസ്കാരിക പൈതൃകം, സാമൂഹിക ബോധവൽക്കരണം എന്നിവയെ മുൻനിർത്തി വിഡിയോകൾ ചെയ്യുന്ന അനിതയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുണ്ട്

MediaOne Logo
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് വിഡിയോ ചെയ്തു, പിന്നാലെ ട്രോളുകളും സൈബറാക്രമണവും; ജീവനൊടുക്കാന്‍ ശ്രമിച്ച  ഇൻഫ്ലുവൻസർ ഗുരുതരാവസ്ഥയില്‍
X

ജോധ്പൂർ: സോഷ്യൽ മീഡിയയിലെ കടുത്ത അധിക്ഷേപങ്ങളെയും സഹ-ഇൻഫ്ലുവൻസർമാരുടെ വ്യാജപ്രചാരണങ്ങളെയും തുടർന്ന് രാജസ്ഥാനിലെ ജോധ്പൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജീവനൊടുക്കാന്‍ ശ്രമിച്ചു. ജോധ്പൂർ ബനാർ മേഖലയിലെ ശികാർഗഡ് സ്വദേശിയായ അനിത ബിഷ്ണോയിയെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഇവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് അനിത രണ്ടാഴ്ച മുമ്പ് പങ്കുവെച്ച ഒരു വിഡിയോ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ നിരന്തരമായ ട്രോളുകളും അധിക്ഷേപങ്ങളും ഇവർക്ക് നേരിടേണ്ടി വന്നു.

മറ്റ് ചില ഇൻഫ്ലുവൻസർമാർ വാട്സാപ്പ് വഴിയും സോഷ്യൽ മീഡിയ വഴിയും തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നതായി അനിതയുടെ ഭർത്താവ് ദിനറാം ആരോപിച്ചു. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് "ഇനി തന്നെ കാണാൻ സാധിക്കില്ല" എന്ന തരത്തിൽ വൈകാരികമായ ഒരു കുറിപ്പ് അനിത ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇത് കണ്ട സുഹൃത്തുക്കളും ബന്ധുക്കളുമാണ് വീട്ടുകാരെ വിവരമറിയിച്ചതും അനിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചതും.

തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ ചില വ്യക്തിപരമായ തർക്കങ്ങളും ഭൂമി സംബന്ധമായ പ്രശ്നങ്ങളുമുണ്ടെന്ന് സംഭവത്തിന് തൊട്ടുമുമ്പ് പങ്കുവെച്ച വീഡിയോയിൽ അനിത ആരോപിച്ചിരുന്നു. തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടായിരുന്നതായും ഇവർ വ്യക്തമാക്കിയിരുന്നു.

രാജസ്ഥാന്റെ സാംസ്കാരിക പൈതൃകം, സാമൂഹിക ബോധവൽക്കരണം എന്നിവയെ മുൻനിർത്തി വിഡിയോകൾ ചെയ്യുന്ന അനിതയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുണ്ട്. സംഭവത്തിൽ നിലവിൽ പൊലീസിൽ ഔദ്യോഗിക പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ബനാർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ പരാതി നല്‍കുന്ന അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story