'കോൺഗ്രസിൽ ചേര്‍ന്നതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും 'റിസ്കി'യായ കാര്യം; സംവാദത്തിനിടെ വിദ്യാര്‍ഥിനി, രാഹുൽ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ!
ഡൽഹി സർവകലാശാലയിലെയും ഗാർഗി കോളജിലെയും വിദ്യാര്‍ഥിനികളുമായി നടത്തിയ സംവാദത്തിനിടെയാണ് സംഭവം

- Updated:
2026-04-28 09:27:16.0

ഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി കോളജ് വിദ്യാര്‍ഥിനികളുമായി സംവദിക്കുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെ രാഹുലിന്‍റെ ചോദ്യത്തിന് പെൺകുട്ടി നൽകിയ മറുപടി സദസിലൊന്നാകെ ചിരിപടര്‍ത്തുകയായിരുന്നു.
ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഗാര്‍ഗി കോളജിലെ വിദ്യാര്‍ഥിനികളുമായി നടത്തിയ സംവാദത്തിനിടെയാണ് സംഭവം. വിദ്യാർഥികളുമായി വിവിധ വിഷയങ്ങളിൽ സംസാരിക്കുന്നതിനിടയിൽ രാഹുൽ ഗാന്ധി ഒരു വിദ്യാർഥിനിയോട് "നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്ത ഏറ്റവും വലിയ റിസ്ക് എന്താണ്?" എന്ന് ചോദിച്ചു. 'കോൺഗ്രസിൽ ചേർന്നത്' സദസിനെയാകെ ചിരിപ്പിച്ചുകൊണ്ട് ഒട്ടും വൈകാതെ തന്നെ വിദ്യാർഥിനിയുടെ മറുപടിയെത്തി.
വിദ്യാർഥിനിയുടെ മറുപടി കേട്ട് രാഹുൽ ഗാന്ധി പൊട്ടിച്ചിരിക്കുകയും തമാശ ആസ്വദിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് ഹാളിലെ ഗൗരവാന്തരീക്ഷം മാറുകയും എല്ലാവരും ആ നിമിഷം ആഘോഷമാക്കുകയും ചെയ്തു. "ശരി, അത് അപകടകരമാണ്. അത് തീർച്ചയായും അപകടകരമാണ്." എന്നായിരുന്നു രാഹുലിന്‍റെ മറുപടി.
സംവാദത്തിൽ വിദ്യാര്‍ഥികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകി. ജെൻസി സ്ത്രീകൾ രാജ്യത്തെ നയിക്കുമെന്നും അവർക്ക് അവസരങ്ങളുടെ എല്ലാ വാതിലുകളും തുറക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് ശക്തമായ പിന്തുണ പ്രകടിപ്പിച്ചുകൊണ്ട്, സ്ത്രീകൾ പലപ്പോഴും പുരുഷന്മാരേക്കാൾ മുന്നിലാണെന്ന് ചൂണ്ടിക്കാട്ടി. ബിഎസ്‍പി മേധാവി മായാവതിയും മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും അവരവരുടെ സംസ്ഥാനങ്ങളിൽ വഹിച്ച പങ്കിനെയും രാഹുൽ പ്രശംസിച്ചു.
Adjust Story Font
16
