Quantcast

ഉത്തർപ്രദേശിലെ സീതാപൂരിൽ പട്ടാപ്പകൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

മഹോലി മേഖലയിലെ നെല്ല് സംഭരണത്തിലും ഭൂമി ഇടപാടുകളിലും നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം

MediaOne Logo

Web Desk

  • Published:

    9 March 2025 10:20 AM IST

ഉത്തർപ്രദേശിലെ സീതാപൂരിൽ പട്ടാപ്പകൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു
X

ലഖ്‌നൗ: ഉത്തർപ്രദേശിലെ സീതാപൂരിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു. സീതാപൂരിലെ ലഖ്‌നൗ-ഡൽഹി ദേശീയപാതയിലാണ് മാധ്യമപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ രാഘവേന്ദ്ര ബാജ്‌പായ് വെടിയേറ്റ് മരിച്ചത്. ഉത്തർപ്രദേശിലെ ഒരു ഹിന്ദി ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നു രാഘവേന്ദ്ര ബാജ്‌പായ്.

അക്രമികൾ ആദ്യം രാഘവേന്ദ്രയുടെ ബൈക്ക് ഇടിച്ചിട്ട ശേഷം മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു ഫോൺ കോൾ ലഭിച്ചതിനെ തുടർന്നാണ് 35 കാരനായ രാഘവേന്ദ്ര വീട്ടിൽ നിന്ന് ഇറങ്ങിയത്. തൊട്ടുപിന്നാലെ ഉച്ച തിരിഞ്ഞ് 3:15 ഓടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ മൂന്ന് പേർ രാഘവേന്ദ്രയുടെ വയറിന്റെ മുകൾഭാഗത്തായി വെടിയുതിർക്കുകയായായിരുന്നു.

കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിൽ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടില്ല. കുടുംബത്തിൽ നിന്ന് ഔദ്യോഗികമായി പരാതി ലഭിക്കാൻ കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി നാല് സംഘങ്ങൾ രുപീകരിച്ചിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (സൗത്ത്) പ്രവീൺ രഞ്ജൻ സിംഗ് പറഞ്ഞു.

കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് പോസ്റ്റ്മോർട്ടം ചെയ്യുന്ന ആശുപത്രിക്ക് മുൻപിൽ തടിച്ച് കൂടിയത്. ക്രമസമാധാനം നിലനിർത്താൻ മഹോളി തഹസിൽ പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

മഹോലി തഹസിൽ മേഖലയിലെ നെല്ല് സംഭരണത്തിലും ഭൂമി ഇടപാടുകളിലും നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഘവേന്ദ്രക്ക് വധഭീഷണികൾ ലഭിച്ചിരുന്നതായി കുടുംബം പൊലീസിനെ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story