ബംഗാള്‍ എസ്‌ഐആര്‍; പരാതിയുമായി ട്രൈബ്യൂണലുകള്‍
കമ്മീഷന്‍ പോര്‍ട്ടലിലെ ആധാര്‍ ഓതൻ്റിക്കേഷന്‍ നിബന്ധന, എസ്‌ഐആര്‍ അപ്പീലുകള്‍ തീര്‍പ്പാക്കുന്നതില്‍ തടസ്സമാകുന്നുവെന്ന് ട്രൈബ്യൂണല്‍ ജഡ്ജിമാര്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോര്‍ട്ടലിലെ ആധാര്‍ ഓതന്റിക്കേഷന്‍ നിബന്ധന, എസ്‌ഐആര്‍ അപ്പീലുകള്‍ തീര്‍പ്പാക്കുന്നതില്‍ തടസ്സമാകുന്നുവെന്ന പരാതിയുമായി ബംഗാളില്‍ സുപ്രിം കോടതി നിയമിച്ച ട്രൈബ്യൂണല്‍ ജഡ്ജിമാര്‍. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ജഡ്ജിമാര്‍ ഈ വിഷയം ഉന്നയിച്ചത്. ഇതുമൂലം ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ അപ്പീലുകളില്‍ തീരുമാനം വൈകുകയാണ്.
നോട്ടീസ് അയക്കാനോ, അധിക രേഖകള്‍ ചേര്‍ക്കാനോ, വിര്‍ച്വല്‍ ഹിയറിംഗ് നടത്താനോ ഉള്ള സൗകര്യങ്ങള്‍ പോര്‍ട്ടലില്‍ ഇല്ലെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. കൊല്‍ക്കത്തയിലെ ജോക്കയില്‍ ഒരു പഴയ കെട്ടിടത്തിലാണ് ട്രൈബ്യൂണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യം പോലും ലഭ്യമല്ലെന്നും ജഡ്ജിമാര്‍ പരാതിപ്പെടുന്നു.
റോഡുകള്‍ മോശമായതിനാല്‍ ദിവസവും മൂന്ന് മണിക്കൂര്‍ വരെ യാത്ര ചെയ്താണ് ജഡ്ജിമാര്‍ എത്തുന്നത്. ഓഫീസ് നഗരമധ്യത്തിലേക്ക് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ആഴ്ചയില്‍ നല്‍കുന്ന 25,000 രൂപ പ്രതിഫലം ജഡ്ജിമാരുടെ പദവിക്ക് അനുയോജ്യമല്ലെന്നും അത് 50,000 രൂപയായി ഉയര്‍ത്തണമെന്നും കത്തില്‍ പറയുന്നു.
ബംഗാള്‍ എസ്‌ഐആറില്‍ വോട്ട് നഷ്ടപ്പെട്ടവരുടെ അപ്പീല്‍ പരിഗണിക്കുന്നതിനായി സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് 19 ഹൈക്കോടതി മുന്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തി ട്രൈബ്യൂണലുകള്‍ രൂപീകരിച്ചത്. ആകെ ലഭിച്ച 38.31 ലക്ഷം അപ്പീലുകളില്‍ സെപ്റ്റംബര്‍ പകുതി വരെ 1.26 ലക്ഷം അപ്പീലുകള്‍ മാത്രമാണ് തീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
Adjust Story Font
16

