'കേരള സ്‌റ്റോറി 2': നിർമാതാവിന്റെ അപ്പീലിൽ വാദം കേട്ട ജസ്റ്റിസ് അരവിന്ദ് ധർമാധികാരി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
'ദ കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ധർമാധികാരി

- Updated:
2026-02-27 11:05:33.0

തിരുവനന്തപുരം: 'കേരള സ്റ്റോറി 2' സിനിമയുടെ പ്രദർശനം തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ വാദം കേട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അരവിന്ദ് ധർമാധികാരിക്ക് പ്രമോഷൻ. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണ് പുതിയ നിയമനം. നിലവിലെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ മനീന്ദ്ര മോഹൻ ശ്രീവാസ്തവ മാർച്ച് അഞ്ചിന് വിരമിക്കും. മാർച്ച് ആറിന് ജസ്റ്റിസ് അരവിന്ദ് അധികാരി പുതിയ ചീഫ് ജസ്റ്റിസ് ആയി അധികാരമേൽക്കും.
'ദ കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ധർമാധികാരി. വ്യാഴാഴ്ച രാത്രി വൈകി നടന്ന രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി.വി ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ബെഞ്ച് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഇന്ന് ഹരജി പരിഗണിച്ച കോടതി സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകി.
സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റിനെ എതിർത്തുകൊണ്ടുള്ള ഹരജികൾ പൊതുതാൽപര്യ ഹർജിയുടെ സ്വഭാവമുള്ളതാണെന്നും, അങ്ങനെയെങ്കിൽ സിംഗിൾ ബെഞ്ച് ഇത് എങ്ങനെ പരിഗണിച്ചുവെന്നും ഡിവിഷൻ ബെഞ്ച് ചോദ്യമുന്നയിച്ചിരുന്നു. ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്നും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയാൽ ചിത്രം പ്രദർശനാർഹമാണെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
നേരത്തെ, സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, സെൻസർ ബോർഡ് നിയമപരമായ കാര്യങ്ങൾ കൃത്യമായി പരിശോധിച്ചില്ലെന്ന് നിരീക്ഷിച്ചിരുന്നു. സിനിമ സാമുദായിക ഐക്യത്തെ ബാധിക്കാനും ഒരു വിഭാഗത്തെ അവഹേളിക്കാനും സാധ്യതയുണ്ടെന്നും ഉന്നത അധികാരികളുടെ സൂക്ഷ്മപരിശോധനയില്ലാതെ റിലീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ആരാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി?
1966 ജൂലൈ എട്ടിന് റായ്പൂരിൽ അരവിന്ദ് എച്ച്. ധർമാധികാരിയുടെയും ശുഭ ധർമാധികാരിയുടെയും മകനായാണ് അരവിന്ദ് ധർമാധികാരി ജനിച്ചത്. നാഗ്പൂർ സർവകലാശാലയിൽ നിന്ന് കൊമേഴ്സിലും നിയമത്തിലും ബിരുദം നേടി. 1992ൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ട്.
2016ൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2018ൽ സ്ഥിരം ജഡ്ജിയായി ചുമതലയേറ്റു. 2025 ഏപ്രിലിലാണ് അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്.
Adjust Story Font
16
