Quantcast

കെ.അണ്ണാമലൈ ബിജെപി വിട്ടേക്കും; സ്വന്തം പാർട്ടി രൂപീകരിക്കാൻ നീക്കമെന്ന് റിപ്പോർട്ട്

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം തികയുന്ന വേളയിലാണ് നിർണായക നീക്കം

MediaOne Logo
കെ.അണ്ണാമലൈ ബിജെപി വിട്ടേക്കും; സ്വന്തം പാർട്ടി രൂപീകരിക്കാൻ നീക്കമെന്ന് റിപ്പോർട്ട്
X

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ പാർട്ടി വിടാനൊരുങ്ങുന്നതായി സൂചന. ബിജെപിയിൽ തനിക്ക് ഇനി അവസരങ്ങളോ മികച്ച ഭാവിയോ ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി ഇന്ന് ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അണ്ണാമലൈ പാർട്ടി വിട്ടേക്കുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം തികയുന്ന വേളയിലാണ് നിർണായക നീക്കം. ആകെയുള്ള 234 സീറ്റുകളിൽ വെറും ഒരു സീറ്റ് മാത്രമാണ് ഇത്തവണ ബിജെപിക്ക് സംസ്ഥാനത്ത് നേടാനായത്.

ദയവായി കാത്തിരിക്കൂ. രണ്ടു ദിവസത്തിനകം നമുക്ക് ഇരുന്ന് സംസാരിക്കാം എന്നായിരുന്നു ഡൽഹിയിലേക്ക് തിരിക്കുന്നതിനായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അണ്ണാമലൈയുടെ പ്രതികരണം. വിമാനത്താവളത്തിൽ എത്തുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിൽ ബിജെപിയുടെ പതാക സ്ഥാപിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമായി. ജൂൺ നാലിനാണ് അണ്ണാമലൈയുടെ ജന്മദിനം. ഇതിന് മുന്നോടിയായി ''ഞങ്ങളുടെ നേതാവേ, വരൂ ഞങ്ങളെ നയിക്കൂ'' എന്ന മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററുകൾ ചെന്നൈ നഗരത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈക്ക് ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.

പെട്ടെന്ന് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് പകരം, ആദ്യം ഒരു ജനകീയ മുന്നേറ്റം ആരംഭിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. സമാന ചിന്താഗതിയുള്ള ആളുകളെ ഒപ്പം കൂട്ടാനും ശക്തമായ ഒരു സന്നദ്ധ പ്രവർത്തക ശൃംഖല കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു. നിലവിൽ അദ്ദേഹം നടത്തിവരുന്ന 'വി ദി ലീഡേഴ്‌സ്' കൂട്ടായ്മയും ഇതിനായി പ്രയോജനപ്പെടുത്തിയേക്കും. ഭാവിയിൽ രൂപീകരിക്കുന്ന പാർട്ടി, തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിച്ചേക്കുമെന്നും, അത് അണ്ണാമലൈയുടെ വ്യക്തിപ്രഭാവത്തിന്റെയും സംഘടനാ ശേഷിയുടെയും ആദ്യ പരീക്ഷണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

നേതൃത്വവുമായുള്ള ഭിന്നത കാരണം അടുത്ത കാലത്തായി കേന്ദ്ര സർക്കാർ നയങ്ങളിൽ നിന്ന് അണ്ണാമലൈ അകലം പാലിക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നിരുന്നു. സിബിഎസ്ഇ ത്രിഭാഷാ പദ്ധതി നിശ്ചയിച്ചതിലും മുമ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം കേന്ദ്രത്തെ പരസ്യമായി വിമർശിച്ചിരുന്നു. എഞ്ചിനീയറിങ് ബിരുദവും ഐഐഎം ലഖ്നൗവിൽ നിന്ന് എംബിഎയും നേടിയ അണ്ണാമലൈ, സിവിൽ സർവീസ് പാസായ ശേഷം ഐപിഎസ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2020-ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.

TAGS :

Next Story