Quantcast

'ഇന്ദിര എന്നാല്‍ ഇന്ത്യയെന്നല്ല ഹിറ്റ്‌ലര്‍ എന്നാണ്'; ഇന്ദിരാ ഗാന്ധിയെ അവഹേളിച്ച ബിജെപി വീഡിയോയിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    27 Jun 2025 1:39 PM IST

Indira Gandhi
X

ഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് കർണാടക ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘ഇന്ദിര എന്നാല്‍ ഇന്ത്യയെന്നല്ല, ഇന്ദിര എന്നാല്‍ ഹിറ്റ്‌ലര്‍ എന്നാണ്’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി അപകീര്‍ത്തികരമായ എഐ വീഡിയോ എക്സിൽ പങ്കുവെച്ചത്. വിവാദമായതോടെ പോസ്റ്റ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.



കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) ജനറല്‍ സെക്രട്ടറി എസ് മനോഹര്‍ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

‘ഇന്ദിര എന്നാല്‍ ഇന്ത്യയെന്നല്ല, ഇന്ദിര എന്നാല്‍ ഹിറ്റ്‌ലര്‍ എന്നാണ്’ ബിജെപി പങ്കുവച്ച എഐ വീഡിയോയിൽ കുറിച്ചത്. 38 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോയില്‍ ഇന്ദിരാ ഗാന്ധിയുടെ മുഖത്ത് ഹിറ്റ്‌ലറുടേതിന് സമാനമായ മീശയും എഐ ഉപയോഗിച്ച് ചേര്‍ത്തിട്ടുണ്ട്. ‘ഇന്ന് ഞാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യം എന്‍റെ അധീനതയില്‍ ആക്കുകയും ചെയ്യുന്നു’ എന്ന് വീഡിയോയില്‍ ഇന്ദിരാ ഗാന്ധി പറയുന്നുണ്ട്. സംഭവത്തിൽ പ്രതികരിച്ച് എസ് മനോഹര്‍ രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുക മാത്രമല്ല, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ലക്ഷ്യമിട്ടുളള വീഡിയോയാണ് ഇതെന്ന് മനോഹര്‍ ആരോപിച്ചു.

TAGS :

Next Story