'ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടില്ല'; കർണാടകയിൽ നേതൃമാറ്റമുണ്ടാവുമെന്ന സൂചനകൾക്കിടെ പ്രതികരിച്ച് ഡി.കെ ശിവകുമാർ
അടുത്ത വർഷം പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് ഡി.കെ ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ബംഗളൂരു: കർണാടക കോൺഗ്രസിൽ നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികൾ രംഗത്തെത്തി. വിവിധ പരിപാടികളിൽ ശിവകുമാർ മുഖ്യമന്ത്രിയാകണമന്ന മുദ്രാവാക്യം അണികൾ പരസ്യമായി മുഴക്കുന്നുണ്ട്. എന്നാൽ ഇതിനോട് നേരിട്ട് പ്രതികരിക്കാൻ ശിവകുമാർ തയ്യാറായില്ല. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്ന കാലത്തോളം പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയിട്ട് രണ്ടര വർഷം പൂർത്തിയാവുകയാണ്. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള കരാർ പ്രകാരം മുഖ്യമന്ത്രി പദവി കൈമാറാനുള്ള സമയമായെന്നാണ് ശിവകുമാറുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. നിലവിൽ കർണാടക കോൺഗ്രസ് അധ്യക്ഷനാണ് ശിവകുമാർ. പദവിയിൽ ആറു വർഷം പൂർത്തിയാവുന്ന 2026 മാർച്ചിൽ അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2020 മേയിലാണ് ഡി.കെ ശിവകുമാർ കർണാടക കോൺഗ്രസ് അധ്യക്ഷനായത്. സ്ഥിരമായി പദവിൽ കടിച്ചുതൂങ്ങില്ല. മറ്റുള്ളവർക്കും അവസരം നൽകണം. താൻ നേതൃത്വത്തിലുണ്ടാവും. മുൻ നിരയിൽ തന്നെ ഉണ്ടാവുമെന്നും ശിവകുമാർ പറഞ്ഞിരുന്നു.
സ്ഥാനമൊഴിയുന്നതിന് മുമ്പ് കർണാടകയിൽ 100 കോൺഗ്രസ് ഓഫീസുകൾ നിർമിക്കുക എന്നതാണ് ലക്ഷ്യം. 2023ൽ ഉപമുഖ്യമന്ത്രി ആയപ്പോൾ തന്നെ പിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാറായിരുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടതുകൊണ്ടാണ് തുടർന്നത്. പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ശിവകുമാർ പറഞ്ഞിരുന്നു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിൽ തർക്കമുണ്ടായിരുന്നു. രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന സമവായത്തിലാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
Adjust Story Font
16

