കർണാടക കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് ആവശ്യം; എംഎൽഎമാരുടെ മനസ്സറിയാൻ രൺദീപ് സിങ് സുർജേവാല
മുഖ്യമന്ത്രി പദത്തിൽ രണ്ടര വർഷം പൂർത്തിയായാൽ സിദ്ധരാമയ്യ സ്ഥാനമൊഴിയും എന്നാണ് ഡി.കെ ശിവകുമാറിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്.

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എതിർപ്പുമായി ഭരണപക്ഷ എംഎൽഎമാർ രംഗത്ത്. പ്രശ്‌നം പരിഹരിക്കാൻ എഐസിസി ജനറൽ സെക്രട്ടറിയും ഹൈക്കമാൻഡ് നിരീക്ഷകനുമായ രൺദീപ് സിങ് സുർജേവാല എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മാറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സുർജേവാല എംഎൽഎമാരുടെ അഭിപ്രായമറിയാൻ കൂടിക്കാഴ്ചക്ക് എത്തുന്നത്. സുർജേവാലയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക.
മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ചും സുർജേവാല സമഗ്രമായ വിലയിരുത്തൽ നടത്തുമെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ പുനഃസംഘടന നടത്തണോ, മുഖ്യമന്ത്രിയെ മാറ്റണോ തുടങ്ങിയ കാര്യങ്ങൾ ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു ദിവസം 40 എംഎൽഎമാരുമായി സുർജേവാല കൂടിക്കാഴ്ച നടത്തും. ഒരാൾക്ക് 20 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 137 എംഎൽഎമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
താഴേത്തട്ടിൽ പാർട്ടി പ്രവർത്തകരുടെ വികാരമറിയാൻ നേതാക്കളുമായും സുർജേവാല ചർച്ച നടത്തും. മുതിർന്ന നേതാവും സിദ്ധരാമയ്യയുടെ അടുത്തയാളുമായ ബി.ആർ പാട്ടീലുമായാണ് സുർജേവാല ആദ്യം കൂടിക്കാഴ്ച നടത്തുക. ഹൗസിങ് ഡിപ്പാർട്‌മെന്റിനെതിരെ പാട്ടീൽ അടുത്തിടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുവെന്ന് ആരോപിച്ച് എംഎൽഎ രാജു കാഗെയും പാട്ടീലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി പദത്തിൽ രണ്ടര വർഷം പൂർത്തിയായാൽ സിദ്ധരാമയ്യ സ്ഥാനമൊഴിയും എന്നാണ് ഡി.കെ ശിവകുമാറിനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ഈ കാലാവധി ഒക്ടോബറിൽ പൂർത്തിയാകും. സെപ്റ്റംബറിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ വിപ്ലവമുണ്ടാകുമെന്ന് സഹകരണമന്ത്രി കെ.എൻ രാജണ്ണ അടുത്തിടെ പറഞ്ഞിരുന്നു.
എന്നാൽ രണ്ടര വർഷം എന്നൊരു നിബന്ധന ഹൈക്കമാൻഡ് വെച്ചിട്ടില്ല എന്നാണ് സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ ഡോ. യതീന്ദ്ര പറയുന്നത്. ഇത് സംബന്ധിച്ച് ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് തന്റെ പിതാവ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിദ്ധരാമയ്യ ക്യാമ്പിനെതിരെ വിമർശനവുമായി ഡി.കെ ശിവകുമാറിന്റെ അടുത്ത അനുയായി ആയ രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ രംഗത്തെത്തി. രണ്ടര വർഷത്തിന് ശേഷം നേതൃമാറ്റം ഉണ്ടാവുമെന്ന് ഹൈക്കമാൻഡ് തലത്തിൽ ധാരണയുണ്ടെന്നും മുഖ്യമന്ത്രി പദം ശിവകുമാറിന് കൈമാറാൻ സിദ്ധരാമയ്യ തയ്യാറാവണമെന്നും അല്ലെങ്കിൽ ഹൈക്കമാൻഡ് ഇടപെട്ട് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

