Quantcast

ബിജെപി നേതാവ് അരുൺ കുമാർ പുത്തിലയെ നാടുകടത്താൻ കർണാടക സർക്കാർ തീരുമാനം

ബിജെപിയിൽ തീവ്രഹിന്ദുത്വ നിലപാടുള്ള നേതാവാണ് അരുൺ കുമാർ പുത്തില

MediaOne Logo

Web Desk

  • Published:

    2 Jun 2025 5:16 PM IST

Karnataka government decides to deport BJP leader Arun Kumar Puthila
X

മംഗളൂരു: തീവ്രഹിന്ദുത്വ പ്രവർത്തകനും ബിജെപി നേതാവുമായ അരുൺ കുമാർ പുത്തിലയെ(54) നാടുകടത്താൻ കർണാടക സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവിൽ വാദം കേൾക്കുന്നതിനായി ഈ മാസം ആറിന് ഹാജരാവാൻ പുത്തൂർ സബ് ഡിവിഷൻ അസി. കമ്മീഷണർ പുത്തിലക്ക് നോട്ടീസ് നൽകി. സ്വന്തം ജില്ലയായ ദക്ഷിണ കന്നടയിൽ നിന്ന് ബെളഗാവി ജില്ലയിലേക്കാണ് ഇദ്ദേഹത്തെ മാറ്റുന്നത്. പുത്തില നേരിട്ടോ നിയമപരമായ പ്രതിനിധി മുഖേനയോ ഹാജരായി തന്റെ പ്രതിവാദം അവതരിപ്പിക്കണമെന്ന് നോട്ടീസിൽ പറഞ്ഞു. ഹാജരായില്ലെങ്കിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏകപക്ഷീയമായ തീരുമാനം എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പുത്തൂർ താലൂക്കിലെ മുണ്ടൂർ ഗ്രാമത്തിൽ മട്ടില ഹൗസിൽ കൃഷ്ണയ്യയുടെ മകനാണ് അരുൺ കുമാർ. ബിജെപിയിലെ തീവ്രഹിന്ദുത്വ ഗ്രൂപ്പിന്റെ നേതാവായ ഇദ്ദേഹം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പുത്തൂർ മണ്ഡലത്തിൽ റിബലായി മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി പാർട്ടി സിറ്റിങ് സീറ്റിൽ മൂന്നാം സ്ഥാനത്ത് തള്ളപ്പെടുകയും കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തതായിരുന്നു ഫലം. തുടർന്ന് മേഖലയിലെ തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ സംഘടിപ്പിച്ച് പുത്തില പരിവാർ എന്ന സംഘടന രൂപവത്കരിച്ച് പ്രവർത്തിച്ചു.

പുത്തിലക്ക് പുത്തൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർ എന്നാരോപിച്ച് അന്നത്തെ കർണാടക ബിജെപി അധ്യക്ഷനും എംപിയുമായിരുന്ന നളിൻ കുമാർ കട്ടീലിന്റേയും മുൻമുഖ്യമന്ത്രി സദാനന്ദ ഗൗഡയുടേയും പടങ്ങളിൽ ചെരിപ്പ് മാലകൾ ചാർത്തി പ്രതിഷേധിച്ചത് ഏറെ ചർച്ചയായിരുന്നു. നളിൻ കുമാർ കട്ടീലിന് പാർട്ടി പ്രസിഡന്റ്, എംപി സ്ഥാനങ്ങൾ ഇല്ലാതായതോടെ നിരുപാധികം ബിജെപിയിൽ തിരിച്ചെത്തിയ പുത്തിലയെ പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്രയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തീരദേശ ജില്ലകൾ കേന്ദ്രീകരിച്ച് രൂപവത്കരിച്ച വർഗീയ വിരുദ്ധ സേനയുടെ പ്രവർത്തന ഭാഗമായാണ് പുത്തിലയെ നാടുകടത്താൻ തീരുമാനിച്ചത്.

TAGS :

Next Story